ഗാന്ധിജിയും ടാഗോറുമെത്തിയ ശിവഗിരി വൈദികമഠത്തിൽ വിദ്യാർത്ഥികൾ
Monday 15 August 2022 12:00 AM IST
ശിവഗിരി: മഹാത്മാഗാന്ധിയും ടാഗോറും സന്ദർശിച്ച ശിവഗിരിയിലെ വൈദികമഠം, പർണ്ണശാല, ശാരദാമഠം, റിക്ഷാമണ്ഡപം എന്നിവിടങ്ങളിലെ ചരിത്രനിമിഷങ്ങൾ തേടി വിദ്യാർത്ഥികൾ. കേരളത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥി സംഘമാണ് ശിവഗിരിയിൽ എത്തിയത്. ശിവഗിരിയിൽ എത്തിയ കുട്ടികളെ സന്യാസിമാരും ബ്രഹ്മചാരികളും ചേർന്ന് സ്വീകരിച്ചു.
മഹാത്മാഗാന്ധി, വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ, സി.എഫ്. ആൻഡ്രൂസ്, ആചാര്യ വിനോബഭാവെ സ്വാമി ശ്രദ്ധാനന്ദജി തുടങ്ങിയ മഹാൻമാർ വൈദികമഠത്തിൽ ഗുരുദേവനെ സന്ദർശിച്ചത് പലർക്കും പുതിയ അറിവായിരുന്നു. ഗുരുദേവൻ ഉപയോഗിച്ചിരുന്ന കട്ടിൽ, കസേര, ഊന്നുവടികൾ, പാദുകം, കമണ്ഡലു എന്നിവയും വിദ്യാർത്ഥികൾ ശ്രദ്ധാപൂർവം വീക്ഷിച്ചു. ശിവഗിരി മഠത്തിലെ സ്വാമി സുരേശ്വരാനന്ദ, സ്വാമി വിരജാനന്ദ എന്നിവർ ശിവഗിരിയുടെ ചരിത്രം വിശദീകരിച്ചു നൽകി.