കുമാരൻ തന്ത്രി അന്തരിച്ചു

Monday 15 August 2022 12:00 AM IST

ചെറുതോണി: ഇടുക്കി കാമാക്ഷി അന്നപൂർണേശ്വരി ഗുരുകുലാചാര്യൻ കുമാരൻ തന്ത്രി (85) അന്തരിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യനായ കോത്തല സൂര്യനാരായണ ദീക്ഷിതരുടെ ശിഷ്യനായിരുന്നു. നൂറിലേറെ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തിയിട്ടുള്ള ആചാര്യനാണ്. പ്രഭാഷകൻ, വൈദിക അദ്ധ്യാപകൻ, സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തകൻ, ശ്രീനാരായണ ധർമ്മപ്രചാരകൻ, പാറക്കടവ് സരസ്വതി വിദ്യാനികേതൻ രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. കോട്ടയം ളാക്കാട്ടൂർ കാച്ചനോലിക്കൽ കേളൻ- കുട്ടിയമ്മ ദമ്പതികളുടെ നാലാമത്തെ മകനായി 1937 മേയ് രണ്ടിനാണ് ജനനം. സ്‌കൂൾ പഠനത്തിന് ശേഷം അമയന്നൂർ രാമൻ ശാന്തിയുടെ കീഴിൽ വൈദിക പഠനം. പിന്നീട് കോത്തല സൂര്യനാരായണ ദീക്ഷിതരുടെ കീഴിൽ സംസ്‌കൃതത്തിലും വൈദികത്തിലും ഉപരിപഠനം നടത്തി. 1955- 57 കാലഘട്ടത്തിൽ വൈദിക, താന്ത്രിക വൃത്തികൾക്കൊപ്പം ശ്രീനാരായണ ധർമ്മപ്രചാരണത്തിനായി ഹൈറേഞ്ചിലെത്തി. കട്ടപ്പനയ്ക്കടുത്ത് കൊച്ചുതോവാളയും കാമാക്ഷിയും കേന്ദ്രമാക്കി പ്രവർത്തിച്ചു. കാമാക്ഷി കേന്ദ്രീകരിച്ച് അന്നപൂർണേശ്വരി ഗുരുകുലം സ്ഥാപിച്ച് നിരവധി വൈദിക വിദ്യാർത്ഥികൾക്ക് ഗുരുവായി. ഭാര്യ: ലക്ഷ്മിക്കുട്ടി വാതല്ലൂർ കുടുംബാംഗം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാമാക്ഷിഅന്നപൂർണേശ്വരി ഗുരുകുലാങ്കണത്തിൽ.