ദേ പിന്നേം മാഞ്ചസ്റ്റർ തോറ്റു !

Sunday 14 August 2022 10:58 PM IST

ഈ സീസണിലെ രണ്ടാം മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി

സീസണിൽ ഇതുവരെ ഗോളടിക്കാൻ കഴിയാതെ ക്രിസ്റ്റ്യാനോയും കൂട്ടരും

മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽക്കുന്ന തുടർച്ചയായ ഏഴാമത്തെ എവേ തോൽവി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത ആഘാതമായി സീസണിലെ തുടക്കത്തിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും കനത്ത തോൽവി.കഴിഞ്ഞ രാത്രി ദുർബലരായ ബ്രെന്റ്‌ഫോഡിനോട് മറുപടിയില്ലാത്ത നാലുഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാർ നാണം കെട്ടത്. ആദ്യ മത്സരത്തിൽ ബ്രൈറ്റണോടാണ് യുണൈറ്റഡ് തോറ്റിരുന്നത്.

ബ്രെന്റ്‌ഫോഡിനുവേണ്ടി ജോഷ് ഡാസിൽവ, മത്തിയാസ് യെൻസൺ, ബെൻ മീ, ബ്രയാൻ എംബിയോമോ എന്നിവർ ലക്ഷ്യം കണ്ടു. 35 മിനിട്ടിനുള്ളിൽ തന്നെ യുണൈറ്റഡ് നാല് ഗോളുകളും വഴങ്ങി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്രിസ്റ്റ്യൻ എറിക്‌സണും ബ്രൂണോ ഫെർണ്ടാസുമൊക്കെ കളത്തിലിറങ്ങിയിട്ടും യുണൈറ്റഡിന് ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല. ആദ്യ കളിയിലേതുപോലെ യുണൈറ്റഡ് പ്രതിരോധത്തിലെ പാളിച്ചകളാണ് ഇത്തവണയും ഗോളുകൾക്ക് വഴിവെച്ചത്.

10-ാം മിനിട്ടിൽ ജോഷ് ഡാസിൽവയിലൂടെ ബ്രെന്റ്‌ഫോഡ് ലീഡെടുത്തു. യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയുടെ പിഴവിൽനിന്നാണ് ഗോള്‍ പിറന്നത്. ഡാസിൽവയുടെ ദുർബലമായ ഷോട്ട് കൈയ്യിലൊതുക്കുന്നതിൽ ഡി ഗിയ വലിയ പിഴവാണ് വരുത്തിയത്.

18-ാം മിനിട്ടിൽ മത്യാസ് യെൻസണിലൂടെ ബ്രെന്റ്‌ഫോഡ് ലീഡ് ഡബിളാക്കി. ബോക്‌സിനകത്ത് പന്ത് ക്ലിയർ ചെയ്യുന്നതിൽ ക്രിസ്റ്റ്യൻ എറിക്‌സൺ വരുത്തിയ പിഴവാണ് ഗോളിന് വഴിവെച്ചത്. എറിക്‌സന്റെ പിഴവിൽ നിന്ന് പന്ത് പിടിച്ചെടുത്ത യെൻസൺ അനായാസം ലക്ഷ്യം കാണുകയായിരുന്നു.

30-ാം മിനിട്ടിൽ മൂന്നാം ഗോൾ പിറന്നത് കോർണർ കിക്കിലൂടെയാണ്. ബോക്‌സിലേക്കുയർന്നുവന്ന പന്ത് ഇവാൻ ടോണി ബെൻ മീയ്ക്ക് മറിച്ചുനല്‍കി. മീയിലേക്ക് വന്ന പന്ത് തടയുന്നതിൽ ലിസാൻഡ്രോ മാർട്ടിനെസ് പരാജയപ്പെട്ടു. ഇതോടെ പന്ത് വലയിലേക്ക് തലകൊണ്ട് തട്ടിയിടേണ്ട ആവശ്യമേ മീയ്ക്ക് വന്നുള്ളൂ. സ്‌കോർ 3-0. 35-ാം മിനിട്ടിൽ ബ്രയാൻ എംബിയോമു ഗോൾപട്ടിക പൂർത്തിയാക്കി. മികച്ച കൗണ്ടർ അറ്റാക്കിലൂടെ പ്രതിരോധതാരങ്ങളില്ലാത്ത യുണൈറ്റഡ് ബോക്‌സിലെത്തി ബ്രയാൻ അനായാസം വലകുലുക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും യുണൈറ്റഡ് നാണം കെട്ടത് പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിനെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. പ്രീ സീസൺ മത്സരങ്ങളിലെ പ്രകടനത്തിന്റെ നിഴൽപോലുമാകാൻ പ്രിമിയർ ലീഗ് മത്സരങ്ങളിൽ കഴിയുന്നില്ല.

പുതിയ താരങ്ങളില്ലെങ്കിൽ ഈ സീസണിൽ യുണൈറ്റഡ് ബുദ്ധിമുട്ടുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ആദ്യ രണ്ട് മത്സരങ്ങൾ നൽകിയത്. രണ്ടാം പകുതിയിൽ റാഫേൽ വരാനെയും ടൈറൽ മലാസിയയും വന്നതോടെയാണ് പ്രതിരോധം അൽപ്പമെങ്കിലും ശക്തിപ്പെട്ടത്. മധ്യനിരയും മുന്നേറ്റനിരയും രണ്ട് കളികളിലും നിരാശപ്പെടുത്തി. വിംഗർമാരായ മാർക്കസ് റാഷ്‌ഫോർഡും ജേഡൻ സാഞ്ചോയും മികച്ച ഒരു മുന്നേറ്റം പോലും നടത്തിയില്ല. ലഭിച്ച അവസരങ്ങൾ വലയിലാക്കാൻ റൊണാൾഡോയ്ക്കും ഫെർണാണ്ടസിനും സാധിച്ചതുമില്ല. നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് യുണൈറ്റഡ്.

പാരീസിന് ഫൈവ്സ്റ്റാർ തുടക്കം

പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി ആദ്യ മത്സരത്തിൽ മോണ്ട്‌പെല്ലിയറിനെ രണ്ടിനെതിരേ അഞ്ചുഗോളുകൾക്ക് തകർത്തു.സൂപ്പർ താരം നെയ്മർ ഇരട്ട ഗോളുമായി തിളങ്ങിയമത്സരത്തിൽ പുതുമുഖതാരം റെനറ്റോ സാഞ്ചസ്, സൂപ്പർതാരം കിലിയൻ എംബാപ്പെ എന്നിവരും പി.എസ്.ജിയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു.

43, 51 മിനിറ്റുകളിലാണ് നെയ്മർ വലകുലുക്കിയത്. ഫലായി സാക്കോയുടെ സെൽഫ് ഗോളും ടീമിന് തുണയായി. മോണ്ട്‌പെല്ലിയറിനായി വഹ്ബി ഖാസ്രിയും എൻസോ ജിയാനി ടാറ്റോ എംബിയായിയും സ്‌കോർ ചെയ്തു. മുന്നേറ്റത്തിലെ നെയ്മർ-മെസി-എംബാപ്പെ സഖ്യം മത്സരത്തിൽ ഉടനീളംപി.എസ്.ജിക്ക് ആധിപത്യം നൽകി. പി.എസ്.ജിയുടെ ലീഗിലെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തിൽ ടീം എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് ക്ലെർമോണ്ടിനെ തകർത്തിരുന്നു. നെയ്മർ ഹാട്രിക്ക് നേടിയിരുന്നെങ്കിലും വി.എ.ആറിലൂടെ മൂന്നാം ഗോൾ നിഷേധിക്കപ്പെട്ടു. ഈ വിജയത്തോടെ പി.എസ്.ജി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റാണ് ടീമിനുള്ളത്.

ബാഴ്സയ്ക്ക് സമനിലത്തുടക്കം

ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗയുടെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്ക് സമനില . റയോ വയ്യെക്കാനോയാണ് ബാഴ്‌സയെ ഗോളില്ലാ സമനിലയിൽ കുരുക്കിയത്.

ബാഴ്‌സലോണയുടെ തട്ടകമായ നൗകാമ്പിൽ നടന്ന മത്സരത്തിൽ പുതിയ താരങ്ങളായ റോബർട്ട് ലെവാൻഡോവ്‌സ്‌കി, റാഫിന്യ, ക്രിസ്റ്റ്യൻസൺ എന്നിവർ ആദ്യ ഇലവനിൽ തന്നെ സ്ഥാനം നേടി. പകരക്കാരനായി ഫ്രാങ്ക് കെസിയും വന്നു.

രണ്ട് തവണ ബാഴ്‌സ ഗോൾവല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ലെവാൻഡോവ്‌സ്‌കി നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും വലകുലുങ്ങിയില്ല. നായകനും മധ്യനിരതാരവുമായ സെർജിയോ ബുസ്‌ക്വെറ്റ്‌സ് ഇൻജുറി ടൈമിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായതും ടീമിന് തിരിച്ചടിയായി.

മറ്റ് മത്സരങ്ങളിൽ വിയ്യാറയൽ വല്ലഡോയിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തപ്പോൾ എസ്പാന്യോളും സെൽറ്റാ വിഗോയും സമനിലയിൽ പിരിഞ്ഞു (2-2). സെവിയ്യയെ അട്ടിമറിച്ച് ഒസാസുന വിജയം നേടി. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കായിരുന്നു ഒസാസുനയുടെ വിജയം.

Advertisement
Advertisement