മനോജ് എബ്രഹാമിന് അർഹതയ്ക്കുള്ള അംഗീകാരം

Monday 15 August 2022 12:18 AM IST

തിരുവനന്തപുരം: ക്രമസമാധാനപാലനത്തിലും കുറ്റാന്വേഷണരംഗത്തും സൈബർ സുരക്ഷയിലും കാൽനൂറ്റാണ്ടിലേറെ നീണ്ട സ്തുത്യർഹ സേവനത്തിനുള്ള അംഗീകാരമാണ് വിജിലൻസ് മേധാവിയായ എ.ഡി.ജി.പി മനോജ് എബ്രഹാമിന് ലഭിച്ച വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ. 1994 ബാച്ച് ഐ.പി.എസ് ഓഫീസറാണ്. അടൂർ, കാസർകോട് സബ് ഡിവിഷനുകളിൽ എ.എസ്.പിയും പത്തനംതിട്ട,​ കൊല്ലം ജില്ലകളിൽ എസ്.പിയുമായിരുന്നു. 2007 മുതൽ ഏഴ് വർഷത്തോളം തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷണറായി. തിരുവനന്തപുരം റേഞ്ച് ഐ.ജി, സൈബർ ഡോം നോഡൽ ഓഫീസർ, ട്രാഫിക് റോഡ് സുരക്ഷ ഓഫീസർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2019ൽ എ.ഡി.ജി.പിയായി. ആഗോളതലത്തിലടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ബിജി ജോർജ്

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ കൊച്ചി സിറ്റി മുൻ ക്രൈംബ്രാഞ്ച് അസി. പൊലീസ് കമ്മിഷണർ കൂനമ്മാവ് തണ്ണിക്കോട്ടിൽ വീട്ടിൽ ബിജി ജോർജ് നിലവിൽ പത്തനംതിട്ട അഡി. എസ്.പിയാണ്. 1995 ഏപ്രിൽ 20ന് എസ്.ഐയാണ് സേനയുടെ ഭാഗമായത്. വിജിലൻസിലും ക്രൈംബ്രാഞ്ചിലും പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും 2016ൽ രാഷ്ട്രപതിയുടെ മെറിറ്റോറിയസ് സർവീസിനുള്ള മെഡലും നേടിയിട്ടുണ്ട്. 2004ൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസേനയിലും പ്രവർത്തിച്ചു. ഐക്യരാഷ്ട്രസഭയുടെ രണ്ട് മെഡലുകളും ലഭിച്ചു. ഭാര്യ: ജീന. മക്കൾ: അഞ്ജലി മരിയ, ആന്റൺ ജോർജ് (വിദ്യാർത്ഥികൾ).

ഡി.ആർ അജയകുമാർ

വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ ജയിൽ മെഡലിന് അർഹനായ

തിരുവനന്തപുരം ജില്ലാ ജയിൽ അസി.സൂപ്രണ്ട് കോട്ടൂർ സ്വദേശി ഡി.ആർ അജയകുമാറിന് 2011ൽ മുഖ്യമന്ത്രിയുടെ മെഡലും 2012ൽ രാഷ്ട്രപതിയുടെ സ്‌തുത്യർഹ സേവനത്തിനുള്ള മെഡലും ലഭിച്ചിട്ടുണ്ട്. 1995ൽ അസി.പ്രിസൺ ഓഫീസറായി സർവീസിൽ പ്രവേശിച്ചു. പൂ‌ജപ്പുര സെൻട്രൽ ജയിൽ, നെട്ടുകാൽത്തേരി തുറന്ന ജയിൽ, പൂജപ്പുര സ്‌പെഷ്യൽ സബ് ജയിൽ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കറക്ഷണൽ അഡ്മിനിസ്‌ട്രേഷൻ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഐ.ടി ഉദ്യോഗസ്ഥ ലാൽശ്രീ. മകൻ: അഭിമന്യു എ.എൽ നായർ (ബംഗളൂരു).

Advertisement
Advertisement