ചരിത്രം കഥ പറയുന്ന ടി.കെ മാധവസൗധം

Monday 15 August 2022 12:02 AM IST

അടൂർ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ ഗാന്ധിജിയുടെ കരസ്പർശമേറ്റ ശിലയിൽ നിന്ന് ഉയർന്ന ടി.കെ.മാധവ സൗധം ചരിത്രസ്മാരകമായി നിലകൊള്ളുന്നു. ഗാന്ധിജി ദക്ഷിണേന്ത്യയിൽ തറക്കല്ലിട്ട ഏകമന്ദിരമെന്ന പ്രത്യേകതയും അടൂർ എസ്.എൻ.ഡി.പി യൂണിയൻ ആസ്ഥാനമായ ഇൗ മന്ദിരത്തിനുണ്ട്. 1934 ജാനുവരി 19 നാണ് മഹാത്മജി ശിലയിട്ടത്. ഹരിജനഫണ്ട് ശേഖരണം മുഖ്യലക്ഷ്യമാക്കിയാണ് ഗാന്ധിജിയുടെ നാലാമത്തെ കേരള സന്ദർശനം. എസ്.എൻ.ഡി.പി യോഗത്തിന്റെ സംഘടനാ സെക്രട്ടറിയായ ടി.കെ.മാധവൻ അവിഭക്ത കുന്നത്തൂർ യൂണിയനിലെ വിവിധ ശാഖകൾക്ക് രൂപം നൽകിയത് അടൂരിൽ തങ്ങിയാണ്. ആ സ്മരണ നിലനിറുത്തുന്നതിനാണ് ടി.കെ. മാധവസൗധം എന്നപേരിൽ യൂണിയൻ ആസ്ഥാനമന്ദിരം നിർമ്മിക്കാൻ തീരുമാനിച്ചത്. ടി.കെ.മാധവൻ മഹാത്മജിയുമായി ഏറെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇതിനെ തുടർന്നാണ് മഹാത്മാഗാന്ധിജിയെകൊണ്ട് മന്ദിരത്തിന് ശിലയിടാൻ അന്നത്തെ യൂണിയൻ ഭാരവാഹികൾ തീരുമാനിച്ചത്. കല്ലിട്ടാൽ കല്ല് ആശാരിക്ക് എന്ത് തരുമെന്ന് അന്നത്തെ യൂണിയൻ നേതാക്കളോട് മഹാത്മജി ചോദിക്കുകയുണ്ടായി. കല്ലിടുന്നതിനായി അന്ന് വെള്ളിക്കരണ്ടിയാണ് നൽകിയത്. ചടങ്ങ് പൂർത്തിയാക്കിയശേഷം ഹരിജന ഫണ്ടിലേക്കായി പണക്കിഴിയും നൽകിയാണ് ഗാന്ധിജിയെ യാത്രയാക്കിയത്. വടക്കടത്തുകാവിൽ സംഘടിപ്പിച്ച യോഗത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തശേഷമാണ് ഗാന്ധിജി മടങ്ങിയത്.

Advertisement
Advertisement