ഏഴാമനും നിപ ഇല്ല, 41 പേർ തീവ്ര നിരീക്ഷണത്തിൽ

Friday 07 June 2019 10:55 PM IST
nipah

കൊച്ചി : പനി ബാധിച്ച് എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴാമത്തെ രോഗിക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചതോടെ ആശങ്കകൾക്കും ഭീതിക്കും താത്‌കാലിക ശമനമായി. എങ്കിലും നിരീക്ഷണം തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിയുമായി സമ്പർക്കം പുലർത്തിയ 315 പേരിൽ 41 പേർ കൂടി ജില്ലയിൽ തീവ്ര നിരീക്ഷണത്തിലുണ്ട്.

30 രോഗികളെക്കൂടി പ്രവേശിപ്പിക്കാവുന്ന രണ്ടാമത്തെ ഐസൊലേഷൻ വാർഡും എറണാകുളം മെഡിക്കൽ കോളേജിൽ തയ്യാറാക്കി.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നിപ രോഗിയുമായി ഇടപഴകിയ 315 പേരിൽ 244 പേരുടെ വിവരങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്തു. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 41 പേരാണ് തീവ്രനിരീക്ഷണത്തിലുള്ളത്. രോഗിയുടെ സ്രവങ്ങളുമായി സാമീപ്യമുണ്ടായവരോ 12 മണിക്കൂറെങ്കിലും ഒരുമിച്ചു കഴിഞ്ഞിട്ടുള്ളവരോ ആണ് ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുന്നത്.


എയിംസ്, നിംഹാൻസ് എന്നിവിടങ്ങളിലെ വിദഗ്ദ്ധർ ആശുപത്രിയിലെത്തി നിപ രോഗിയുടെ ചികിത്സാവിവരങ്ങളും ആരോഗ്യസ്ഥിതിയും വിലയിരുത്തി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി സംഘം മെഡിക്കൽ കോളേജിലെ ലാബിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി. നിപ ബാധയുമായി ബന്ധപ്പെട്ട് വവ്വാലുകളെക്കുറിച്ച് പഠിക്കുന്നതിന് ഡോ. സുദീപ്, ഡോ. ഗോഖ്‌റേ, ഡോ. ബാലസുബ്രഹ്മണ്യം എന്നിവരും ജില്ലയിലെത്തി. തട്ടേക്കാട് പക്ഷിസങ്കേതം ഉൾപ്പെടെ സംഘം പരിശോധിക്കും.

വനംവകുപ്പ് ഉദ്യോഗസ്ഥർ 40 ആദിവാസി കോളനികൾ പരിശോധിച്ചു. സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. മൃഗസംരക്ഷണ വകുപ്പ് പന്നി, കന്നുകാലി ഫാമുകളും പരിശോധിച്ചു.

നിപയെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയതിന് എട്ടു കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. സൈബർ മോണിട്ടറിംഗ് ശക്തമാക്കിയിട്ടുണ്ട്.

നിപയുമായി ബന്ധപ്പെട്ട കൗൺസലിംഗിന് കൺട്രോൾ റൂം പ്രവർത്തനം തുടരുകയാണ്. 0484 2351185 എന്ന നമ്പരിൽ പൊതുജനങ്ങൾക്ക് വിളിക്കാം.