ഗാന്ധിജിയെ കണ്ടു, ഖാദിയുടെ പ്രചാരകയായി

Monday 15 August 2022 12:18 AM IST
മീനാക്ഷിയമ്മ

ഇലന്തൂർ : എട്ടര പതിറ്റാണ്ട് മുൻപ് ഗാന്ധിജി ഒരു കറുത്ത കാറിൽ വന്നിറങ്ങി. ആഹ്ളാദത്തോടെ മീനാക്ഷിയും കൂട്ടുകാരികളും ഗാന്ധിജിയെ കണ്ടു. പ്രസംഗം കേട്ടു....ഒാർമകൾ മറയുന്നുണ്ടെങ്കിലും ഗാന്ധിജിയെ നേരിട്ടു കണ്ടതിനെപ്പറ്റി ഇലന്തൂർ ഉടയൻകാവിൽ കെ.മീനാക്ഷി അമ്മ ചില വാക്കുകൾ പറയും.

കുമ്പഴ പ്രവൃത്തി പള്ളിക്കൂടമായിരുന്ന ഇപ്പോഴത്തെ ഇലന്തൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഫിഫ്ത് ഫോമിൽ പഠിക്കുമ്പോഴായിരുന്നു ഗാന്ധിജിയുടെ ഇലന്തൂർ സന്ദർശനം. മഹാത്മജിയെ സ്വീകരിക്കാൻ കുട്ടികൾ സ്‌കൂളിൽ നിന്ന് ജാഥയായി പോകണമെന്നു മുഖ്യ സംഘാടകനും പ്രമുഖ ഗാന്ധീയനുമായിരുന്ന കുമാർജി ആവശ്യപ്പെട്ടിരുന്നു. മീനാക്ഷിയമ്മയും സഹപാഠികളും രാവിലെ സ്‌കൂളിൽ എത്തി ഇപ്പോഴത്തെ ഗണപതി ക്ഷേത്രത്തിന് സമീപത്തേക്ക് ദേശഭക്തി ഗാനാലാപനത്തോടെ ജാഥയായി പോയി. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് കറുത്ത കാറിൽ ഗാന്ധിജി എത്തിയതെന്ന് ഇപ്പോഴും ഓർമ്മയിലുണ്ട്. കരീലമണ്ണിൽ മുക്കിൽ നിന്ന് ഗാന്ധിജിയെ വലിയ ആഘോഷമായാണ് സമ്മേളന വേദിയായ പെരുവേലിൽ പുരയിടത്തിലേക്ക് ആനയിച്ചത്. ഏവരുടെയും ശ്രദ്ധ മഹാത്മജിയിലായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗ ഭാഷ കുട്ടികളായ തങ്ങൾക്ക് അറിയില്ലെങ്കിലും സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പറയുന്നതെന്ന് പരിഭാഷയിലൂടെ മനസിലായി.
ഖാദി പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന സാഹിത്യ വിശാരദ് ടി.കെ.കരുണാകരൻ നായരെ വിവാഹം കഴിച്ചതോടെ മീനാക്ഷിയമ്മ ഇത്തരം പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിയായി. വാർദ്ധക്യത്തിലും കൊച്ചുമക്കളും പേരമക്കളും അടങ്ങുന്ന പുതു തലമുറയെ ഗാന്ധിയൻ ആദർശങ്ങളിലൂടെ മുന്നോട്ട് പോകാനാണ് പഠിപ്പിക്കുന്നത്.

കേരള ഫയർ ഫോഴ്‌സ് ഹെഡ് ക്വാർട്ടേഴ്‌സ് മുൻ മാനേജർ ടി.കെ.സുകൃതലത, ഇലന്തൂർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി ടി.കെ.സുജാത ദേവി ,ഇളമണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ മുൻ അദ്ധ്യാപിക ടി.കെ.സുചേതാകുമാരി, സെയിൽസ് ടാക്‌സ് മുൻ അസി.കമ്മീഷണർ ടി.കെ.സുമംഗലാദേവി, മാവേലിക്കര മുൻ പോസ്റ്റ് മിസ്ട്രസ് ടി.കെ.സുഷമാദേവി, മാദ്ധ്യമ പ്രവർത്തകൻ ടി.കെ.സുധീഷ് കുമാർ എന്നിവരാണ് മീനാക്ഷിയമ്മയുടെ മക്കൾ.

Advertisement
Advertisement