ബാലികാ സദനത്തിൽ ഇന്നുമുണ്ട് മഹാത്മാവിന്റെ സ്പന്ദനം

Monday 15 August 2022 12:18 AM IST
നായനാർ ബാലികാ സദനത്തിൽ ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന സ്മൃതി കുടീരം അന്തേവാസി രാജൻ വൃത്തിയാക്കുന്നു

കോഴിക്കോട്: എരഞ്ഞിപ്പാലം നായനാർ ബാലികാ സദനത്തിന്റെ മുറ്റത്തെ പാരിജാത ചുവട്ടിൽ ഒരു സ്മൃതി കുടീരമുണ്ട്. കാലത്തിന്റെ വെയിലേറ്റ്, ചരിത്ര സ്പന്ദനമായി മഹാത്മജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുകയാണ് ഇന്നും. 1921ലെ മലബാർ കലാപ കാലത്താണ് പൂനെയിലായിരുന്ന വാരിക്കര രൈരു നായനാർ എന്ന വി.ആർ.നായനാരെ മഹാത്മാഗാന്ധി മലബാറിലേക്കയക്കുന്നത്. കലാപത്തിന്റെ വ്യാപനം തടയാനും കലാപ കാരണമറിയാനുമായിരുന്നു ആ യാത്ര. എന്നാൽ കലാപം കെട്ടടങ്ങിയ ശേഷവും നായനാർ അനാഥ ബാല്യങ്ങൾക്കായി ഇവിടെ നിന്നു. നായനാരുടെ ബാലികാ സദനം സന്ദർശിക്കണമെന്ന ആഗ്രഹം മഹാത്മജിക്കുണ്ടായിരുന്നെങ്കിലും ആഗ്രഹം സഫലമാകാതെയായിരുന്നു മഹാത്മാവിന്റെ വിടവാങ്ങൽ.

ഗാന്ധിജിയുടെ ഈ ആഗ്രഹം അറിയാമായിരുന്ന കെ.കേളപ്പനാണ് 1948 ഫെബ്രുവരി 22ന് കേരളത്തിലെ നദികളിൽ ഒഴുക്കാൻ കൊണ്ടുവന്ന ചിതാഭസ്മത്തിൽ നിന്ന് ഒരു ഭാഗം ബാലികാസദനത്തിന്റെ മുറ്റത്തെ പാരിജാത ചുവട്ടിൽ വയ്ക്കുന്നത്. അന്നും ഇന്നും നിധി പോലെ സൂക്ഷിക്കുകയാണ് മഹാപുരുഷന്റെ ചരിത്രശേഷിപ്പ്. ഓരോ സ്വാതന്ത്ര്യദിനത്തിലും ഇവിടം നിറംനൽകി പുത്തനാക്കും. സമീപത്തായി മിസിസ് നായനാരുടെ ചിതാഭസ്മ തറയുമുണ്ട്. പാരിജാതവും അശോകവുമടങ്ങുന്ന മുറ്റത്തെ പൂന്തോട്ടം പരിപാലിക്കുന്നത് അന്തേവാസി രാജേട്ടനും ഭിന്നശേഷിക്കാരായ മുതിർന്ന 146 അംഗങ്ങളും മൂന്ന് അദ്ധ്യാപകരുമാണ്. ഡോ.വി.വി മോഹനചന്ദ്രൻ പ്രസിഡന്റും പ്രൊഫ.സി.കെ ഹരീന്ദ്രനാഥ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് സദനം നോക്കിനടത്തുന്നത്.

@ നായനാർ ബാലികാ സദനം

1905ൽ പൂനെ ആസ്ഥാനമായി ഗോപാലകൃഷ്ണ ഗോഖലയുടെ നേതൃത്വത്തിൽ ആരംഭിച്ച സെർവന്റ്സ് ഒഫ് ഇന്ത്യ സൊസൈറ്റിയുടെ മലബാറിലെ വിവിധ നായനാർ സദനങ്ങളിൽ ഒന്നാണ് നായനാർ ബാലികാ മന്ദിരം. കോളറയും മാന്ദ്യവും മൂലം അനാഥരായ ബാല്യങ്ങളെയാണ് ഇവിടെ സംരക്ഷിച്ച് വന്നത്. അനാഥാലയം എന്ന് ഈ സ്ഥാപനത്തെ വിളിക്കാൻ നായനാർ ഇഷ്ടപ്പെടാത്തതിനാൽ ബാലികാ സദനമായി. തുടക്കത്തിൽ 48 പെൺകുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. 1945ൽ നായനാരുടെ മരണശേഷം 1954 വരെ സെർവന്റ്സ് ഒഫ് ഇന്ത്യ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. പിന്നീട് നായനാരുടെ ഭാര്യ കയറാട്ട് മാധവികുട്ടിയമ്മ ഏറ്റെടുത്തു. കോഴിക്കോട്ടുക്കാർക്ക് മിസിസ് നായനാർ അമ്മ ആയിരുന്നു. 1972ൽ പട്ടികജാതി - വർഗ കുട്ടികൾക്കുള്ള ഹോസ്റ്റലായി. 1984ൽ മിസിസ് നായനാരുടെ മരണശേഷം 1999 വരെ പ്രവർത്തിച്ചിരുന്നെങ്കിലും ഇടക്കാലത്ത് ഹോസ്റ്റലിന്റെ പ്രവർത്തനം നിർത്തി. 2015ൽ കളക്ടർ എൻ.പ്രശാന്തിന്റെ നേതൃത്വത്തിൽ മുതിർന്ന ഭിന്നശേഷിക്കാർക്കുള്ള ജോലി പരിശീലനവും പുനരധിവാസവും നൽകുന്ന ഇടമായി ബാലികാ സദനത്തിന് പുതുജീവൻ നൽകി. യു.എൽ.സി.സി ഫൗണ്ടേഷൻ ധനസഹായം നൽകുന്ന ഈ സ്ഥാപനം 88 ഭിന്നശേഷിക്കാരെ പുനരധിവസിപ്പിച്ച് കഴിഞ്ഞു. പദ്ധതിയുടെ ചുമതല ഡോ.എം.കെ ജയരാജനാണ്.

Advertisement
Advertisement