സ്വാതന്ത്ര്യദിനത്തെ വരവേൽക്കാൻ...

Monday 15 August 2022 1:52 AM IST
സ്വാ​തന്ത്ര്യദി​നാ​ഘോ​ഷ​ ​പ​രേ​ഡി​നായി പാലക്കാട് കോ​ട്ട​ മൈ​താ​നത്ത് ഒരുക്കങ്ങൾ പൂർത്തിയായപ്പോൾ.

​മന്ത്രി കെ. കൃഷ്ണൻകുട്ടി സല്യൂട്ട് സ്വീകരിക്കും

പാലക്കാട്: 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ജില്ല ഒരുങ്ങി. കോട്ടമൈതാനത്ത് നടക്കുന്ന ആഘോഷ പരിപാടിയിലെ പരേഡിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി സല്യൂട്ട് സ്വീകരിക്കും. ഏകദേശം 600 പേർക്കിരിക്കാവുന്ന പന്തലാണ് കോട്ടമൈതാനത്ത് ക്രമീകരിച്ചിരിക്കുന്നത്. പൂർണമായും പ്ലാസ്റ്റിക്ക് ഒഴിവാക്കിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പരേഡ് നടക്കുമ്പോൾ കോട്ടമൈതാനത്ത് പൂർണ സജ്ജമായ മെഡിക്കൽ ടീമും ആംബുലൻസും ഫയർഫോഴ്സ് ടീമും സജ്ജമായിരിക്കും. ജില്ലാ ഭരണകൂടവും പൊലീസും ചേർന്നാണ് സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടർ മൃൺമയി ജോഷി, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥൻ എന്നിവർ പങ്കെടുക്കും.

എ.ആർ പൊലിസ്, കെ.എ.പി2 ലോക്കൽ പൊലിസ്, എക്‌‌സൈസ്, വനം വകുപ്പ്, ഹോം ഗാർഡ്സ്, അഗ്നിശമനസേന, എൻ.സി.സി, സ്‌കൗട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് എന്നിവരെ ഉൾപ്പെടുത്തിയാണ് പരേഡ്. കോട്ടായി സി.ഐ. അരുൺ പ്രസാദ്, ഡിസ്ട്രിക്ട് ആംമ്ഡ് റിസർവ് ക്യാമ്പ് ആർ.എസ്.ഐ. സാറ്റിച്ചൻ ജോസഫ് എന്നിവർ പരേഡ് നയിക്കും. ഡിസ്ട്രിക്ട് ആംമ്ഡ് റിസർവ്ഡ് അസിസ്റ്റന്റ് കമാൻഡന്റ് മധു, ആർ.എസ്.ഐമാരായ സന്തോഷ് കുമാർ, മജീദ്, മുരുകൻ കുട്ടി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കാണിക്കമാതാ സ്‌കൂൾ, കെ.എ.പി എന്നിവയുടെ ബാൻഡും ഉണ്ടായിരിക്കും.


75 കുട്ടികൾ ത്രിവർണത്തിൽ അണിനിരക്കും

ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് കോട്ടമൈതാനത്ത് നടക്കുന്ന ആഘോഷ പരിപാടികളോട് അനുബന്ധിച്ച് പാലക്കാട് ഗവ. മോയൻസ് ഹൈസ്‌കൂളിലെ 75 കുട്ടികൾ ത്രിവർണത്തിൽ അണിനിരന്ന് ദേശഭക്തിഗാനം ആലപിക്കും.

ആഘോഷപരിപാടിയിൽ രാഷ്ട്രപിതാവും

'എന്റെ ജീവിതമാണെന്റെ സന്ദേശം' എന്ന് പറഞ്ഞ് കോട്ടമൈതാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപിതാവ് എത്തും. ജില്ലാ ഇൻഫർമേഷൻ ഓഫീസാണ് മഹാത്മാ ഗാന്ധിയുടെ രൂപത്തിൽ വിദ്യാർത്ഥിയെ എത്തിക്കുന്നത്. ഒലവക്കോട് എം.ഇ.എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അസ്ഫർ അലിയാണ് ഗാന്ധിജിയുടെ രൂപത്തിൽ എത്തുന്നത്.

റെയിൽവേ ആഘോഷം

പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിൽ രാവിലെ 9ന് പാലക്കാട് ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി ദേശീയ പതാക ഉയർത്തും.

75 മാവിൻ തൈകൾ നടും

നാടൻ മാവ് സംരക്ഷണ സമിതി പാലക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കഞ്ചിക്കോട് ബെമൽ പരിസരത്ത് 75 മാവിൻ തൈകൾ നടും.

ഹർ ഘർ തിരംഗയുടെ ഭാഗമായി വെർച്വലായി പതാക പിൻ ചെയ്യുന്നതിനും ദേശീയപതാകയ്‌ക്കൊപ്പം സെൽഫിയെടുത്ത് അപ്‌ലോഡ് ചെയ്യാനുമുള്ള വെബ്‌സൈറ്റ്: www.harghartiranga.com.

Advertisement
Advertisement