പാലക്കാട് കൊലപാതകം; സിപിഎം തന്നെ പൊലീസ് സ്‌റ്റേഷനും അവർ തന്നെ കോടതിയുമാകട്ടെയെന്ന് പരിഹാസവുമായി പ്രതിപക്ഷ നേതാവ്
കോഴിക്കോട്: മലമ്പുഴയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെട്ട വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കൊലപാതകത്തെ അപലപിക്കുന്നു. സംഭവം പൊലീസ് അന്വേഷിക്കട്ടെ.കേസിലെ വിവരങ്ങൾ പുറത്തുവരട്ടെയെന്നും സതീശൻ അഭിപ്രായപ്പെട്ടു. കൊലയ്‌ക്ക് പിന്നിൽ ആർഎസ്‌എസ് ആണെന്ന സിപിഎം ആരോപണം പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്‌തു എന്ത് അടിസ്ഥാനത്തിലാണ് കൊലയ്‌ക്ക് പിന്നിൽ ആർഎസ്‌എസാണെന്ന് പറയുന്നത് എന്ന് വി.ഡി സതീശൻ ചോദിച്ചു. പൊലീസ് അന്വേഷിക്കുന്ന വിഷയത്തിൽ സിപിഎം തന്നെ കുറ്റവാളികളെ പ്രഖ്യാപിക്കുകയാണെങ്കിൽ പൊലീസും കോടതിയും എന്തിനാണെന്നും പാർട്ടി തന്നെ പൊലീസ് സ്‌റ്റേഷനും അവർ തന്നെ കോടതിയുമാകട്ടെയെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
കേസിലെ ദൃക്‌സാക്ഷിയുടെ മൊഴിൽ ഗൗരവമായ അന്വേഷണം വേണമെന്നും അന്വേഷണ ഘട്ടത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും പ്രതിപക്ഷനേതാവ് കോഴിക്കോട് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ഏറ്റവും വലിയ പരാജയമാണെന്ന് പറഞ്ഞ വി.ഡി സതീശൻ സ്വർണക്കടത്തിലും സ്വർണം പൊട്ടിക്കലിലും സിപിഎം പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചു.