മുസ്ലീം ലീഗിന്റെ ചിഹ്നത്തിന് താഴെയായി ദേശീയ പതാക കെട്ടി; നാലു പേർക്കെതിരെ കേസ്
കല്പറ്റ: വയനാട് കണിയാമ്പറ്റയിൽ ദേശീയ പതാകയെ അപമാനിച്ചതായി പരാതി. മുസ്ലീം ലീഗിന്റെ കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെയായിട്ടാണ് ദേശീയ പതാക കെട്ടിയത്. ദേശീയ പതാകയെ അപമാനിച്ചെന്ന് കാണിച്ച് സി പി എം ബ്രാഞ്ച് കമ്മിറ്റി നൽകിയ പരാതിയനുസരിച്ച് കമ്പളക്കാട് പൊലീസ് കേസ് എടുത്തു. സംഭവത്തിൽ നാലു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കണിയാമ്പറ്റ മില്ലുമുക്കിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം പാലക്കാട് സി പി എം പതാകയ്ക്ക് താഴെയായി ദേശീയപതാക കെട്ടിയതും വിവാദമായിരുന്നു. തമിഴ്നാട് അതിർത്തിയായ അണ്ണീനഗറിൽ കെ ജയരാജന്റെ വീട്ടിലായിരുന്നു ദേശീയ പതാക സി പി എം പതാകയ്ക്ക് താഴെയായി കെട്ടിയത്. ജയരാജന്റെ കുട്ടികളാണ് പതാക ഇത്തരത്തിൽ ഉയർത്തിയതെന്നും തെറ്റ് മനസിലാക്കിയപ്പോൾ തന്നെ അത് തിരുത്തിയിട്ടുണ്ടെന്നും സി പി എം വിശദീകരണം നൽകിയിരുന്നു. എന്നാൽ ഇതിന്റെ ഫോട്ടോയും വീഡിയോയും സമൂഹ മാദ്ധ്യമം വഴി വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വയനാടും ദേശീയ പതാകയെ അപമാനിച്ച സംഭവം പുറത്തുവന്നിരിക്കുന്നത്.