സ്വാതന്ത്ര്യ ദിനാഘോഷത്തിന് ദേശീയ പതാകയ്ക്ക് പകരം പാർട്ടി പതാക; സി പി എമ്മിന്റേത് കപട രാജ്യസ്നേഹമെന്ന് കോൺഗ്രസ്

Monday 15 August 2022 10:19 PM IST

നെടുങ്കണ്ടം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന സി പി എം ‌പോഷകസംഘടനകളുടെ ചടങ്ങിൽ ദേശീയ പതാകയ്ക്ക് പകരം ഉപയോഗിച്ചത് പാർട്ടി പതാക. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സിഐടിയു, കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്ത് നടത്തിയ പരിപാടിയിലാണ് ദേശീയ പതാക ഒഴിവാക്കി ചെങ്കൊടി മാത്രമേന്തി റാലി നടത്തിയത്.സി.പി.എം ജില്ലാ സെക്രട്ടറി സി.വി.വർഗ്ഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.ജയചന്ദ്രൻ എന്നിവരടക്കമുള്ള നേതാക്കന്മാർ പങ്കെടുത്ത ചടങ്ങിന്റെ ഉദ്ഘാടനം നടത്തിയത് എം എൽ എ എം എം മണിയാണ്.

അതേസമയം സ്വാതന്ത്ര്യദിനത്തിന്റെ പേരിൽ സിപിഎം നെടുങ്കണ്ടത്ത് നടത്തിയ പരിപാടിയിൽ ദേശീയപതാക ഉപയോഗിക്കാത്തത് സിപിഎമ്മിന്റെ കപട രാജ്യ സ്‌നേഹത്തിന്റെ അവസാനത്തെ ഉദാഹരണമാണന്ന് മുൻ ഡിസിസി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. കൊട്ടി ഘോഷിച്ച് സ്വാതന്ത്ര്യ ആഘോഷ പരിപാടി സംഘടിപ്പിക്കുമ്പോഴും ദേശീയ പതാകയെ അപമാനിച്ചതിൽ മുൻ മന്ത്രി കൂടിയായ എം.എം.മണി നേതൃത്വം കൊടുത്തത് അപമാനമാണെന്നും കല്ലാർ പറഞ്ഞു.