മെഡിക്കൽ കോളേജ് ജീവനക്കാർ പറഞ്ഞത് മനസിലായില്ല; പൂർണ ഗർഭിണി ലേബർ റൂമിൽ നിന്നും ഒറ്റയ്ക്ക് പുറത്തിറങ്ങി സ്വന്തം വീട്ടിലെത്തി, സഞ്ചരിച്ചത് 530 കിലോമീറ്റർ

Monday 15 August 2022 11:18 PM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ എസ്.എ.ടി ആശുപത്രിയിൽ ലേബർ റൂമിൽ പ്രവേശിപ്പിച്ച പൂർണ ഗർഭിണിയെ കാണാതായത് അധികൃതരെ ആശങ്കയിലാക്കി. സേലം കണ്ടപ്പട്ടി സ്വദേശി റുബിയ ഭാനുവിനെയാണ് ( 28 ) ലേബർ റൂമിൽ നിന്ന് കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇവർ സേലത്തെ വീട്ടിൽ തിരിച്ചെത്തിയെന്ന വിവരം ലഭിച്ചു. നിർദേശങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ ഇറങ്ങിപ്പോയെന്നാണ് ഇവർ ആശുപത്രി അധികൃതരെ അറിയിച്ചത്.

ശനിയാഴ്ച രാത്രി 1.30ഓടെ എസ്.എ.ടി ആശുപത്രിയിലെത്തിയ ഇവരെ പരിശോധനകൾ പൂർത്തിയാക്കി ലേബർ റൂം സ്റ്റേജ് ഒന്നിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച പുലർച്ചെ അഞ്ചോടെയാണ് ഗർഭിണിയെ കാണാതായതായി ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞത്. ഇവരുടെ കൂട്ടിരിപ്പുകാരെയും കാണാതായതോടെ മെഡിക്കൽ കോളേജ് പൊലീസിൽ വിവരം അറിയിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇവർ ആശുപത്രിയിൽ നൽകിയ മൊബൈൽ നമ്പർ ഓഫായതിനാൽ അന്വേഷണം വഴിമുട്ടി.

പ്രത്യേക വേഷം ധരിപ്പിച്ച് മാത്രം പ്രവേശിപ്പിക്കുന്ന ലേബർ റൂം സ്റ്റേജ് ഒന്നിൽ നിന്ന് പുറത്തിറങ്ങിയ ഗർഭിണി വേഷം മാറി കൂട്ടിരിപ്പുകാരിയാണെന്ന വ്യാജേന സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്നെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ ലേബർ റൂം സ്റ്റേജ് ഒന്നിൽ നിന്ന് ഗർഭിണി പുറത്തിറങ്ങി താഴെ വന്ന് വേഷം മാറിയാണ് പോയതെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമായി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു പറഞ്ഞു.