കൊല്ലാൻ പോയ ദിവസം പോലും കോടിയേരിക്ക് വേണ്ടി പോസ്റ്റ് ഇട്ടവൻ ബിജെപിയാണോ? വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ അവസ്ഥയാണ് മുസ്ലീം സഖാക്കൾക്കെന്ന് വി പി സജീന്ദ്രൻ

Tuesday 16 August 2022 10:10 AM IST

വീട്ടിൽ വളർത്തുന്ന പൂവൻകോഴിയുടെ അവസ്ഥയാണ് മുസ്ലീം സഖാക്കൾക്കെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ. ഇത്തരം സഖാക്കളോട് സഹതാപം മാത്രമേയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സജീന്ദ്രന്റെ പ്രതികരണം.

ഷാജഹാനെ വെട്ടാൻ പോയ ദിവസം പോലും കോടിയേരിക്ക് വേണ്ടി പോസ്റ്റ് ഇട്ടവൻ ബി ജെ പിയാണോയെന്നും അദ്ദേഹം ചോദിച്ചു. ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ബി ജെ പി ആണെന്നാണ് സി പി എമ്മിന്റെ ആരോപണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ അവസ്ഥയാണ് കേരളത്തിലെ സാധാ സഖാക്കൾക്ക് പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ സഖാക്കൾക്ക്.
വീട്ടിൽ ഒരു ആവശ്യം വന്നാൽ അവനെ തട്ടും. പാവത്തുങ്ങളോട് സഹതാപം മാത്രം.
സഖാവിനെ വെട്ടാൻ പോയ ദിവസം പോലും കൊടിയേരിക്ക് വേണ്ടി പോസ്റ്റ് ഇട്ടവൻ ബിജെപി ആണോ ?? ആണെന്നാണ് ഇപ്പോൾ സഖാക്കൾ വാദിച്ചുകൊണ്ടിരിക്കുന്നത്.


പാലക്കാട് കൊലപാതകം സംബന്ധിച്ച് സിപിഎം വിചിത്രമായ മറ്റൊരു വാദം കൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്. 'ഒരുപക്ഷേ പാർട്ടി അനുഭാവി ആയിരിക്കാം, ഫേസ്ബുക്കിൽ പോസ്റ്റുകൾ കാണാം.. പക്ഷേ ഞങ്ങളുടെ പാർട്ടി മെമ്പർഷിപ്പില്ല, സംഘടനാ ചുമതല ഇല്ല' പാർട്ടി മെമ്പർഷിപ്പും സംഘടന ചുമതലയും ഉള്ളവർ വെട്ടിയാൽ മാത്രമാണോ സിപിഎം നടത്തിയ കൊലപാതകം ആവുകയുള്ളൂ ? എത്ര വിചിത്രവും ബാലിശവുമാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന വാദങ്ങൾ ? സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങൾ വേണം നിങ്ങൾ സംസാരിക്കാൻ.


സമീപകാലത്തായി വെഞ്ഞാറമൂട് കൊലപാതകം കോൺഗ്രസിന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു.
എകെജി സെന്റർ പടക്കമേറ് കോൺഗ്രസിന്റെ മേൽ കെട്ടിവെച്ചു.
പാലക്കാട് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികൾ ആരെന്നു സിപിഎം വിധി എഴുതുന്നു.
സിപിഎം പറയുന്നത് അതേപടി ഏറ്റു പറയാൻ മനസില്ലെന്നു പ്രഖ്യാപിച്ച കെപിസിസി പ്രസിഡണ്ട് ശ്രീ കെ. സുധാകരന് അഭിനന്ദനങ്ങൾ..