ആ ദിവസം ജീവിതം  മാറ്റിമറിച്ചു, ഇന്ന് 15 രാജ്യങ്ങളിലേക്ക് സ്വന്തം ഉത്പന്നം കയറ്റുമതി ചെയ്യുന്ന കോടീശ്വരൻ മുമ്പ്  ഡൽഹിയിൽ സൈക്കിൾ റിക്ഷ വലിക്കുകയായിരുന്നു  

Tuesday 16 August 2022 12:07 PM IST

കഠിനാദ്ധ്വാനം ഒരാളുടെ ജീവിതത്തെ എത്രത്തോളം ഉയർച്ചയിൽ എത്തിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് 59കാരനായ ധരംബീർ കംബോജിന്റേത്. ഒരിയ്ക്കൽ ഡൽഹിയിൽ സൈക്കിൾ റിക്ഷയുമായി അലഞ്ഞ ഇദ്ദേഹം ഇന്ന് പതിനഞ്ച് രാജ്യങ്ങളിലേക്ക് തന്റെ മൾട്ടി പർപ്പസ് പ്രോസസ്സിംഗ് മെഷീൻ കയറ്റുമതി ചെയ്യുന്നു. കോടികളാണ് കയറ്റുമതിയിലൂടെ ഇദ്ദേഹം സ്വന്തമാക്കുന്നത്. ധരംബീർ കംബോജിന്റെ അവേശോജ്വലമായ ജീവിതകഥ അറിയാം.

1963ൽ ഹരിയാനയിലെ ദാംല ഗ്രാമത്തിലാണ് ധരംബീർ കംബോജ് ജനിച്ചത്. അഞ്ച് സഹോദരങ്ങളിൽ ഏറ്റവും ഇളയവനായിരുന്നു അദ്ദേഹം. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നിമിത്തം പഠനം നിർത്തി തൊഴിൽ നേടാൻ അദ്ദേഹം നിർബന്ധിതനായി. എൺപതുകളിൽ ഗ്രാമങ്ങളിൽ നിന്നും തൊഴിൽ തേടി നഗരങ്ങളിലേക്ക് യുവാക്കൾ ചേക്കേറുന്നത് പിന്തുടർന്ന് ധരംബീർ രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെത്തി. എന്നാൽ ഉന്നത വിദ്യാഭ്യാസം നേടാത്തതിനാൽ മികച്ച ജോലികളൊന്നും ലഭിച്ചില്ല, തുടർന്ന് ഡൽഹിയിൽ സൈക്കിൾ റിക്ഷാക്കാരനായി. എന്നാൽ ഒഴിവ് സമയങ്ങളിൽ ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു പബ്ലിക് ലൈബ്രറിയിൽ ധരംബീർ പുസ്തകങ്ങളെ പരിചയപ്പെട്ടു. ഗ്രാമവാസിയായതിനാൽ തന്നെ കൃഷിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് വായിച്ചത്. എന്നാൽ ഡൽഹിയിൽ ഒരു അപകടത്തെ തുടർന്ന് താമസിയാതെ ധരംബീർ ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി.

സുഖം പ്രാപിച്ച അദ്ദേഹം ഗ്രാമത്തിൽ തന്നെ തുടരാൻ തീരുമാനിച്ചു. കാർഷിക രീതികൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് കൂടുതലറിയാൻ ഗ്രാമവികസന സൊസൈറ്റിയിൽ നടന്ന പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഇതിന് പിന്നാലെ ഹരിയാനയിലെ ഹോർട്ടികൾച്ചർ വകുപ്പ് മുഖേന രാജസ്ഥാൻ സന്ദർശിക്കാൻ അവസരം ലഭിച്ചതാണ് ജീവിതത്തിൽ വലിയ വഴിത്തിരിവായത്. ഇവിടെ വച്ച് കറ്റാർ വാഴ വിളയെക്കുറിച്ചും ഔഷധ മൂല്യമുള്ള ഉൽപ്പന്നങ്ങൾ ലഭിക്കുന്നതിനുള്ള രീതികളെ കുറിച്ചും അറിയാൻ ധരംബീർ കർഷകരുമായി സംവദിച്ചു.

രാജസ്ഥാൻ സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയ ധരംബീർ കറ്റാർ വാഴയും മറ്റ് സംസ്‌കരിച്ച ഉൽപ്പന്നങ്ങളും വിപണനം ചെയ്യാനുള്ള വഴികൾ തേടി. ഭക്ഷ്യ ഉൽപന്നങ്ങൾ സംസ്‌കരിക്കുന്നതിന് ആവശ്യമായ യന്ത്രസാമഗ്രികളെക്കുറിച്ചുള്ള അന്വേഷണത്തിൽ അഞ്ച് ലക്ഷമെങ്കിലും വേണ്ടിവരുമെന്ന് മനസിലാക്കി, സ്വന്തമായി നിർമ്മിക്കാൻ തീരുമാനിച്ചു. എട്ട് മാസത്തിലധികം നീണ്ട പരിശ്രമത്തിനു ശേഷം ഈ ഉദ്യമത്തിൽ വിജയിച്ചു. കേവലം 25000 രൂപയുടെ നിക്ഷേപമാണ് നടത്തിയത്.

മൾട്ടി പർപ്പസ് മെഷീൻ
സിംഗിൾഫേസ് മോട്ടോറിൽ പ്രവർത്തിക്കുന്ന ഒരു പോർട്ടബിൾ മെഷീനാണ് ധരംബീർ കാംബോജിന്റെ മൾട്ടി പർപ്പസ് മെഷീൻ. വിവിധ പഴങ്ങൾ, ഔഷധസസ്യങ്ങൾ, വിത്തുകൾ എന്നിവ സംസ്‌കരിക്കുന്നതിന് ഇത് ഉപയോഗപ്രദമാണ്. താപനില നിയന്ത്രണവും ഓട്ടോകട്ട് ഓഫ് സൗകര്യവുമുള്ള വലിയ പ്രഷർ കുക്കർ പോലെയും ഇത് പ്രവർത്തിക്കുന്നു.


യന്ത്രത്തിന് 400 ലിറ്റർ ശേഷിയുണ്ട്. ഒരു മണിക്കൂറിൽ 200 ലിറ്റർ കറ്റാർവാഴ സംസ്‌കരിക്കാനാകും. യന്ത്രം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തിൽ എളുപ്പത്തിൽ കൊണ്ടുപോകാനും കഴിയും. മിക്സിംഗ്, സ്റ്റീമിംഗ്, പ്രഷർകുക്കിംഗ്, ജ്യൂസ്, ഓയിൽ, ജെൽ എക്സ്ട്രാക്റ്റിംഗ് ഈ പ്രവർത്തനങ്ങളെല്ലാം ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്ന യന്ത്രം വളരെ വേഗം ശ്രദ്ധയാകർഷിച്ചു. നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷന്റെ പേറ്റന്റ് നേടിയതോടെ വിവിധ ഇടങ്ങളിൽ നിന്നും മൾട്ടി പർപ്പസ് മെഷീനെ തേടി ആവശ്യക്കാരെത്തി. വിദേശങ്ങളിലേക്കുള്ള കയറ്റുമതി സാദ്ധ്യതയും ഇതോടെ തെളിഞ്ഞു. അമേരിക്ക, ഇറ്റലി, നേപ്പാൾ, ഓസ്‌ട്രേലിയ, കെനിയ, നൈജീരിയ, സിംബാബ്‌വെ, ഉഗാണ്ട തുടങ്ങിയ 15 രാജ്യങ്ങളിൽ ധരംബീർ കംബോജ് മെഷീനുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. ആത്മവിശ്വാസവും കഠിനാദ്ധ്വാനവും ഒരാളെ എത്ര ഉയർങ്ങളിൽ എത്തിക്കുമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ധരംബീർ കംബോജി.

Advertisement
Advertisement