വി സി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടി; ഇനി പ്രതിനിധിയെ നിയമിക്കുക സർക്കാർ, ബില്ലിന് അംഗീകാരം

Tuesday 16 August 2022 2:31 PM IST

കൊച്ചി: സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സർ‌വകലാശാല വൈസ് ചാൻസലറെ കണ്ടെത്തുന്നതിനുള്ള സമിതിയിൽ ഗവർണറുടെ പ്രതിനിധിയെ സർക്കാരിന് നിർദേശിക്കാം എന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. വി സി നിയമനത്തിനുള്ള സമിതിയുടെ ഘടന മാറ്റുന്നതിനാണ് പ്രധാനമായും ബില്ല് കൊണ്ടുവരുന്നത്.

വി സിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചാക്കും. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കാനാണ് നീക്കം. സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്ക് ഇടപെടാനുള്ള അധികാരം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ ബില്ലിന് രൂപം നൽകിയിരിക്കുന്നത്, ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള ശ്യാം മോഹൻ കമ്മിറ്റിയുടെ ശുപാർശ പരിഗണിച്ചാണ് പുതിയ ബില്ല് തയ്യാറാക്കിയത്.

ഗവർണറുടെ നോമിനി, യുജിസി നോമിനി, സ‌ർവകലാശാല നോമിനി എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയാണ് നിലവിൽ വിസിയുടെ പാനൽ തയ്യാറാക്കി ഗവ‌ർണർക്ക് നൽകുന്നത്. ചാൻസലറായ ഗവർണർ പാനലിൽ നിന്ന് ഒരാളെ വൈസ് ചാൻസലറായി നിയമിക്കും. ബില്ല് നിയമമാകുന്നതോടെ ഒരു അംഗത്തെ ശുപാർശ ചെയ്യാനുള്ള ഗവർണറുടെ അധികാരം നഷ്ടമാകും. സ‌ർക്കാ‌ർ ആയിരിക്കും ഈ അംഗത്തെ ശുപാർശ ചെയ്യുന്നത്.