ആ സൂപ്പർഹിറ്റ് ചിത്രം മർഡർ മിസ്റ്ററിയായിരുന്നു, പക്ഷേ ആളുകൾ മറ്റൊരു രീതിയിലാണ് മനസിലാക്കിയത്; ലാൽ ജോസും കൊച്ചുമകനും ഒരുമിച്ച് ഒരു ഇന്റർവ്യൂ
ജോജു ജോർജും ലാൽ ജോസും ഒന്നിക്കുന്ന ചിത്രമാണ് 'സോളമന്റെ തേനീച്ചകൾ'. ശംഭു, ആഡിസ്, ദർശന, വിൻസി അലോഷ്യസ് എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷം ലാൽ ജോസും വിദ്യാസാഗറും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്.
എൽ.ജെ. ഫിലിംസിന്റെ ബാനറിൽ ലാൽ ജോസ് തന്നെ നിർമ്മിക്കുന്ന ചിത്രത്തിന് പി.ജി. പ്രഗീഷ് രചന നിർവഹിക്കുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത 'നാൽപ്പത്തിയൊന്ന്' എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച പ്രഗീഷിന്റെ രണ്ടാമത്തെ രചനയാണ് സോളമന്റെ തേനീച്ചകൾ.
ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ലാൽ ജോസ്. കൗമുദി മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് സംവിധായകന്റെ പ്രതികരണം. ലാൽ ജോസിന്റെ കൊച്ചുമകനും കൂടെയുണ്ടായിരുന്നു.
'സോളമന്റെ തേനീച്ചകൾ എന്ന പേര് വരുന്നത് ബെെബിളിൽ നിന്നാണ്. ഈ ചിത്രത്തിന്റെ അതേ ജോണറിൽ ഞാൻ ഒരു ചിത്രം ചെയ്‌തിട്ടുണ്ട്. പക്ഷേ ആ പടം ആ രീതിയിലല്ല ആളുകൾ മനസിലാക്കിയത്. അത് ക്ലാസ്‌മേറ്റ്‌സാണ്. ബേസിക്കലി ക്ലാസ്‌മേറ്റ്‌സും ഒരു ലൗ സ്റ്റോറിയാണ്. അതിന് ഒരു മിസ്റ്ററി പശ്ചാത്തലമുണ്ട്. മർഡർ മിസ്റ്ററിയാണ് അത്. എല്ലാവർക്കും ക്യാമ്പസ് പശ്ചാത്തലമാണ് ആകർഷിച്ചത്. ഈ സിനിമ പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്'- ലാൽ ജോസ് പറഞ്ഞു.