കെവിൻ ഒബ്രിയാൻ വിരമിച്ചു

Tuesday 16 August 2022 10:34 PM IST

ഡബ്ലിൻ: അയർലാൻഡിന്റെ ഇതിഹാസ ആൾറൗണ്ടർ കെവിൻ ഒബ്രിയാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2006-ൽ അയർലാൻഡ് ടീമിനായി അരങ്ങേറ്റം കുറിച്ച താരം 16 വർഷം നീണ്ട കരിയറിനാണ് കർട്ടനിട്ടത്. 2021-ൽ യു.എ.ഇയിൽ നടന്ന ട്വന്റി 20 ലോകകപ്പിലാണ് താരം അവസാനമായി കളിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ അയർലാൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമാണ് 38-കാരനായ കെവിൻ.152 ഏകദിന മത്സരങ്ങൾ കളിച്ച കെവിൻ രണ്ട് സെഞ്ച്വറിയും 18 അർദ്ധ സെഞ്ച്വറികളുമടക്കം 3619 റൺസ് നേടിയിട്ടുണ്ട്. 114 വിക്കറ്റും വീഴ്ത്തി.

2007-ൽ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജിൽ പാകിസ്ഥാനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയ അയർലാൻഡ് ടീമിൽ കെവിൻ ഉണ്ടായിരുന്നു. പിന്നാലെ 2011 ലോകകപ്പിൽ ഇംഗ്ലണ്ട് ഉയർത്തിയ 328 റൺസ് ചേസ് ചെയ്ത് അയർലാൻഡ് ചരിത്രമെഴുതിയ മത്സരത്തിൽ വെറും 63 പന്തിൽ നിന്ന് 113 റൺസുമായി വിജയത്തിന് ചുക്കാൻ പിടിച്ചതും കെവിനായിരുന്നു.

Advertisement
Advertisement