ലോകായുക്ത ഭേദഗതി ബിൽ: ആപ്പിട്ട്, ജയിച്ച് സി.പി.ഐ; മന്ത്രി രാജൻ ഉൾപ്പെട്ട അപ്പീലധികാര സമിതി വരും

Tuesday 16 August 2022 11:12 PM IST

ഭേദഗതി നിർദ്ദേശം അംഗീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതിക്കേസിൽ ലോകായുക്തയുടെ അധികാരം വെട്ടുന്ന കരട് ബിൽ തിങ്കളാഴ്ച നിയമസഭയിലെത്താനിരിക്കെ തുറന്നെതിർത്ത് ​ തങ്ങളുടെ നിർദ്ദേശം ഉൾപ്പെടുത്താൻ മുഖ്യമന്ത്രിയെ നിർബന്ധിതനാക്കിയതിലൂടെ സി.പി.ഐ നേടിയത് വൻ രാഷ്ട്രീയ വിജയം. ബിൽ പാസാക്കുമ്പോൾ റവന്യു മന്ത്രി കെ. രാജനും കൂടി ഉൾപ്പെട്ട പ്രത്യേക സമിതിയെ അപ്പീൽ അധികാരിയാക്കണമെന്ന ഒത്തുതീർപ്പ് ഫോർമുലയാണ് ഇന്നലെ മന്ത്രിസഭായോഗത്തിൽ കൈയോടെ അംഗീകരിച്ചെടുത്തത്.

പതിനൊന്നാം മണിക്കൂറിൽ സി.പി.ഐ വച്ച ആപ്പ്, ഈ സമ്മേളനത്തിൽ ലോകായുക്ത ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിന് തടസ്സമാവുമെന്ന് കണ്ട് ഒത്തുതീർപ്പിന് വഴങ്ങുകയായിരുന്നു. സമ്മേളനം നേരത്തേ വിളിച്ചതിന്റെ പ്രധാന ലക്ഷ്യം തന്നെ ഈ ബിൽ പാസാക്കുകയാണ്.

ലോകായുക്ത വിധി അന്തിമമെന്ന വ്യവസ്ഥ മാറ്റി മുഖ്യമന്ത്രി, ഗവർണർ, സർക്കാർ എന്നിവർക്ക് തുടർവാദം കേട്ട് തീർപ്പുണ്ടാക്കാമെന്നാണ് പുതിയ വ്യവസ്ഥ. ഇതിനോടാണ് മന്ത്രി കെ. രാജൻ വിയോജിച്ചത്. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷനേതാവ്, റവന്യു, നിയമ മന്ത്രിമാർ എന്നിവരടങ്ങുന്ന അഞ്ചംഗസമിതിയെ അപ്പീൽ അധികാരിയാക്കണമെന്നാണ് സി.പി.ഐയുടെ നിർദ്ദേശം.

ലോകായുക്ത നിയമത്തിലെ മൂന്ന്, പതിനാല് വകുപ്പുകളിലാണ് ഭേദഗതി.

മന്ത്രിസഭായോഗത്തിന് തൊട്ടുമുമ്പ് സി.പി.ഐ മന്ത്രിമാർ മന്ത്രി രാജന്റെ ചേംബറിൽ ഒത്തുചേർന്നാണ് വിയോജിപ്പറിയിക്കാൻ ധാരണയിലെത്തിയത്. മൂലനിയമത്തിൽ മാറ്റം വരുത്തുന്നതിൽ വിയോജിപ്പില്ല. എന്നാലത് ഇത്തരത്തിലാവുന്നത് പ്രതിച്ഛായാദോഷമുണ്ടാക്കുമെന്ന് സി.പി.ഐ വാദിച്ചു. 1998ൽ ഇടതുസർക്കാർ കൊണ്ടുവന്ന സുപ്രധാന നിയമമാണിതെന്നും ഓർമ്മിപ്പിച്ചു. തുടർന്ന് ഒത്തുതീർപ്പ് ഫോർമുലയും വച്ചു.

സി.പി.ഐയുടെ നിർദ്ദേശം ബിൽ പാസാക്കുമ്പോൾ ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്താമെന്നും നിലവിൽ കരട്ബിൽ ഇന്നത്തെ രൂപത്തിലവതരിപ്പിക്കുകയേ നിർവാഹമുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ സാങ്കേതിക പ്രശ്നവും അദ്ദേഹമറിയിച്ചതോടെ സി.പി.ഐ മന്ത്രിമാർ വഴങ്ങുകയായിരുന്നു. സി.പി.ഐ ഉദ്ദേശിച്ചതും ഇതുതന്നെയാണ്.

അടുത്ത ദിവസം സി.പി.എം, സി.പി.ഐ നേതാക്കൾ നടത്തുന്ന ഉഭയകക്ഷിചർച്ചയോടെ അന്തിമധാരണയെത്തും. 20ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗവുമുണ്ട്.

ധാരണയിലെത്തിയതോടെ ലോകായുക്ത ഭേദഗതിയടക്കം 11 കരട് ബില്ലുകളും വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന കരട് ബില്ലും ഏകകണ്ഠമായി മന്ത്രിസഭ അംഗീകരിച്ചു.

ദുർഘട സന്ധിയും ഒഴിഞ്ഞു

ഏതെങ്കിലും മന്ത്രിമാരുടെ വിയോജിപ്പോടെ മന്ത്രിസഭായോഗം തീരുമാനമെടുത്താലത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുത്തും. മന്ത്രിസഭയ്ക്ക് അധികാരത്തിൽ തുടരാനാവില്ല. ഈ ദുർഘടസന്ധിയും ഒഴിവായി.

സി.പി.ഐയുടെ വിയോജിപ്പ് മന്ത്രി രാജൻ വിശദീകരിച്ചത് മുഖ്യമന്ത്രി സസ്സൂക്ഷ്മം കേട്ടശേഷം നിയമ മന്ത്രി രാജീവിനോട് വിശദീകരിക്കാൻ നിർദ്ദേശിച്ചു. ബിൽ ഇപ്പോഴത്തെ രൂപത്തിലവതരിപ്പിച്ചശേഷം പിന്നീട് ഭേദഗതിയാവാമെന്ന ഫോർമുല രാജീവ് വച്ചു. പുതിയ നിർദ്ദേശമുൾപ്പെടുത്തി കരട് ബിൽ വീണ്ടും അംഗീകരിച്ചെടുക്കാൻ കാലതാമസമെടുക്കും. ഈ സഭാസമ്മേളനത്തിൽ വയ്ക്കാനും കഴിയില്ല. ഈ സമ്മേളനത്തിൽ കൊണ്ടുവരാനായില്ലെങ്കിൽ ഭേദഗതിബില്ലിന് മുൻകാല പ്രാബല്യമുറപ്പാക്കാനാവില്ലെന്ന് മുഖ്യമന്ത്രിയും വിശദീകരിച്ചു. സി.പി.ഐയെക്കൂടി ഉൾക്കൊണ്ടേ ബിൽ അന്തിമമായി അംഗീകരിക്കൂ എന്ന് വ്യക്തമാക്കുകയും ചെയ്തു.

`ഞാൻ ഒപ്പിടാതെ ഒരു ബില്ലും നിയമമാവില്ല. സർവകലാശാലകളിൽ സ്വജന പക്ഷപാതവും അനുവദിക്കില്ല'

-ആരിഫ് മുഹമ്മദ് ഖാൻ,

ഗവർണർ

Advertisement
Advertisement