കേരളകൗമുദിയുടേത് മഹനീയ പത്ര പ്രവർത്തന പാരമ്പര്യം:മന്ത്രി രാജൻ പാരമ്പര്യമാണ് കേരളകൗമുദിക്ക്: മന്ത്രി കെ. രാജൻ

Wednesday 17 August 2022 12:13 AM IST

തിരുവനന്തപുരം: കേരളത്തിലെ മഹനീയ പത്ര പ്രവർത്തന പാരമ്പര്യമുള്ള പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. കേരള കൗമുദി ബോധപൗർണമി ക്ളബിന്റെയും റോട്ടറി ഡിസ്ട്രിക്ട് 3211ന്റെയും സംയുക്താഭിമുഖ്യത്തിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പത്രാധിപർ കെ. സുകുമാരൻ, കൗമുദി ബാലകൃഷ്ണൻ തുടങ്ങി മഹാരഥന്മാരുടെ ഓർമ്മകൾ തങ്ങി നിൽക്കുന്ന ഇടമാണ് കേരളകൗമുദി. ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്രതീകമെന്നത് ബഹുസ്വരതയാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുദേവന്റെ ഏറ്റവുമടുത്ത ശിഷ്യന്മാരിൽ ഒരാളാണ് സഹോദരൻ അയ്യപ്പൻ. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യനെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. .

2047ലാണ് ഇനി നമ്മുടെ പ്രതീക്ഷയെന്ന് കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുർമു

പറഞ്ഞത് കുട്ടികളെ ലക്ഷ്യമിട്ടാണ്. അത്തരത്തിൽ അഞ്ചു ലക്ഷത്തോളം കുട്ടികൾക്ക് ശബ്ദമായും കാഴ്ചയായുമൊക്കെ നിൽക്കാനുള്ള റോട്ടറി ക്ളബിന്റെ പദ്ധതിക്ക് ആശംസ നേരുന്നു. പത്തിലും പ്ളസ്ടുവിലും എല്ലാ വിഷയത്തിലും എ പ്ളസ് നേടുന്നതിലല്ല ജീവിതത്തിൽ എ പ്ളസ് നേടുന്നതാണ് മഹത്തായ കാര്യം. അതിന് മികച്ച വായനാനുഭവം വേണമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിച്ച കഴിഞ്ഞ വർഷം വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനവും മന്ത്രി വിതരണം ചെയ്തു. ലഹരിക്കെതിരെ ഗെയിം പെർഫോമർ ഉൾപ്പെടെ എട്ട് വിഭാഗങ്ങളിലായാണ് സമ്മാനങ്ങൾ നൽകിയത്. 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയഗാനം ആലപിച്ച കഴക്കൂട്ടം ഡിഫറന്റ് ആർട്ട് സെന്ററിലെ കുട്ടികളായ അമൽ അജയകുമർ, അനീഷ് എസ് എന്നിവരെയും മന്ത്രി പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

റോട്ടറി ക്ളബിന്റെ ആഭിമുഖ്യത്തിൽ എന്റെ കൗമുദി പദ്ധതിയ്ക്കായുള്ള തുക കേരളകൗമുദി ജനറൽ മാനേജർ ശ്രീസാഗർ സ്വീകരിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് 3211 ഡിസ്ട്രിക്ട് ഗവർണർ ബാബുമോൻ കെ., ലഫ്റ്റനന്റ് ഗവർണർ ഷാജി സി, പി.എം.ഡി അസിസ്റ്റൻഡ് മാനേജർ കല എസ്.ഡി, സർക്കുലേഷൻ മാനേജർ അജു നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.