അര ഏക്കറിലെ   മാങ്കോസ്റ്റീൻ  മതി, പോക്കറ്റിലെത്തും  മൂന്നു  ലക്ഷം

Tuesday 16 August 2022 11:15 PM IST

തൃശൂർ: കാമറയും കമ്പ്യൂട്ടറും ഉപേക്ഷിച്ച്, മൺവെട്ടി ചുമലിലേറ്റി മണ്ണിലേക്കിറങ്ങിയ ഡെന്നി നട്ടുവളർത്തിയ മാങ്കോസ്റ്റീനാണ് കുടുംബത്തിന്റെ നെടുംതൂൺ. അര ഏക്കറിൽ നട്ടുവളർത്തിയ മരങ്ങൾ ഒരുവട്ടം കായ്ക്കുമ്പോൾ വരുമാനം മൂന്നു ലക്ഷം രൂപ.

ഫോട്ടോഗ്രാഫി ജോലിക്കായി ബംഗളൂരുവിലേക്ക് പോയ ചാലക്കുടി പരിയാരത്തെ ഡെന്നി അവിടെ ഏക്കർ കണക്കിന് പുരയിടങ്ങളിൽ മാങ്കോസ്റ്റീൻ വിളഞ്ഞു നിൽക്കുന്നത് കണ്ടതോടെ കൃഷിയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. സ്വന്തമായുള്ള മൂന്നര ഏക്കർ പുരയിടത്തിൽ വാഴയടക്കമുള്ള കൃഷികൾ പതിവായിരുന്നു. വിദേശപ്പഴകൃഷിയെ കുറിച്ചും അതിൽ നിന്നുള്ള വരുമാനത്തെക്കുറിച്ചും കൂടുതൽ മനസ്സിലാക്കി. പതിനാലു വർഷം മുമ്പ് മുപ്പത്തിനാലാമത്തെ വയസിൽ ഫോട്ടോഗ്രാഫി ഉപേക്ഷിച്ച് കൃഷിയിൽ തിരിച്ചെത്തി.നാട്ടിലെ കൃഷിക്കാർ പലരും സംശയം പ്രകടിപ്പിച്ചുവെങ്കിലും ഡെന്നി പിൻമാറിയില്ല. 50 മരങ്ങൾ വച്ചുപിടിപ്പിച്ചു. ആയിരം കിലോയിലേറെ വിളവ് കിട്ടുന്നുണ്ട്. സീസണിന്റെ തുടക്കത്തിൽ കിലോയ്ക്ക് 300 രൂപയിലധികം കിട്ടും. വിളവെടുപ്പ് വ്യാപകമാകുമ്പോൾ വില 200ൽ താഴെയാകും. നേരിട്ടും കച്ചവടക്കാർക്ക് മൊത്തമായും വി.എഫ്.പി.സി.കെയുടെ ചന്തയിലും വിൽക്കും. ഡെന്നിക്ക് പ്രോത്സാഹനവുമായി ഭാര്യ ലിൻജുവും മകളുമുണ്ട്.

#ചെലവ് കുറവ്, വരവ് കൂടുതൽ

ഒരു മരത്തിന്

ചെലവാകുന്നത്:

Rs.300

മാങ്കോസ്റ്റീൻ

കിലോയ്ക്ക്:

Rs. 200- 300

വിളവ് കിട്ടാൻ:

7-8 കൊല്ലം വളരണം

വിളവ് തരുന്നത്:

ദീർഘകാലം

വിളവെടുപ്പ് സീസൺ:

ജൂൺ, ജൂലായ്

വളം:

ആട്ടിൻകാഷ്ഠം, വേപ്പിൻപിണ്ണാക്ക്,

ചാണകപ്പൊടി, ജൈവവളം

ചാലക്കുടി പരിയാരം

വിദേശപ്പഴങ്ങളുടെ കേന്ദ്രം

മലേഷ്യൻ, ഇന്തോനേഷ്യൻ പഴങ്ങളായ റംബുട്ടാനും മാങ്കോസ്റ്റീനും കൃഷി ചെയ്യുന്ന 400 ഓളം പേർ ചാലക്കുടി പരിയാരം മേഖലയിലുണ്ട്. 150 ഓളം പേർക്ക് തോട്ടംതന്നെയുണ്ട്. ലാഭകരമെന്നു മാത്രമല്ല, പരിപാലിക്കാനും എളുപ്പമാണ്. റംബുട്ടാൻ മൂന്നും മാങ്കോസ്റ്റീൻ 7 - 8 കൊല്ലം കൊണ്ടും കായ്ക്കും. ഇവിടെ ആദ്യം വിളവെടുപ്പ് നടക്കുന്നതിനാൽ കൂടിയ വില ലഭിക്കും. കാലാവസ്ഥയുടെ സവിശേഷത കൊണ്ട് ഇവിടത്തെ പഴങ്ങൾ കൂടുതൽ രുചികരമാണെന്ന് കർഷകർ പറയുന്നു. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഡൽഹി, മുംബയ് എന്നിവിടങ്ങളിലേക്ക് കയറ്റുമതിയുണ്ട്.

`കർഷക കുടുംബത്തിൽ ജനിച്ച എനിക്ക് കൃഷി ജീവനും ജീവിതവുമാണ്. വാഴ, ജാതി ക്കൃഷിയേക്കാൾ എന്തുകൊണ്ടും മെച്ചം മാങ്കോസ്റ്റീനാണ്.'

- ഡെന്നി മുണ്ടൻ മാണി

Advertisement
Advertisement