അസോ.പ്രൊഫസർ നിയമനവിവാദം: പ്രതികരണത്തിൽ തിരുത്തുമായി പ്രിയാവർഗീസ്‌

Wednesday 17 August 2022 12:00 AM IST

കണ്ണൂർ: കണ്ണൂർ സർവകലാശാല അസോ.പ്രൊഫസർ നിയമനത്തിൽ വിവരാവകാശം വഴി പുറത്തുവന്ന റിസർച്ച് സ്കോർ പരിശോധിക്കപ്പെട്ടതല്ലെന്ന മുൻവാദത്തിൽ തിരുത്തുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയവർഗീസ് ഫേസ്ബുക്കിൽ.

651 എന്നൊക്കെയുള്ള ഭയപ്പെടുത്തുന്ന അക്കങ്ങളിൽ ഇറക്കുമതി ചെയ്ത റിസർച്ച് സ്‌കോർ അവകാശവാദങ്ങൾ സർവ്വകലാശാല ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി അംഗീകരിച്ചു തന്നതല്ല എന്നാണ് താൻ പറഞ്ഞത്. സർവ്വകലാശാലാ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ആറു പേരുടെയും 75 പോയിന്റ് വരെയുള്ള അവകാശവാദങ്ങൾ പരിശോധിച്ചിട്ടുണ്ട്. 2018 യു.ജി.സി റെഗുലേഷൻ പ്രകാരം അതേ ചെയ്യേണ്ടതുള്ളൂവെന്നും പ്രിയ വിശദീകരിക്കുന്നു.

ഓൺലൈൻ അപേക്ഷയിൽ ഡാറ്റാഷീറ്റിലെ ഓരോ കോളത്തിലും ടൈപ്പ് ചെയ്തു കൊടുക്കുന്ന മുറയ്ക്ക് സ്‌കോർ കോളത്തിൽ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്ററാവും. അങ്ങനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോൾ നമ്മുടെ ആകെ സ്‌കോറും ഓട്ടോ ജനറേറ്റായി വരും. ഇതിന്മേൽ സർവ്വകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് നടത്തിയിട്ടില്ലെന്നും പ്രിയ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.