മൂന്ന് ദിവസത്തെ കഠിനാദ്ധ്വാനം, പൊട്ടക്കിണർ വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കമുള്ള 60 കിലോയോളം ഭാരമുള്ള ലോക്കർ

Wednesday 17 August 2022 9:10 AM IST

നെയ്യാറ്റിൻകര: ശുചീകരണത്തിനിടെ കിണറ്റിനുള്ളിൽ നിന്ന് സേഫ് ലോക്കർ കണ്ടെത്തി. ആറാലുംമൂട് കാളച്ചന്തയ്ക്ക് സമീപം ഇന്നലെയാണ് പൊട്ടക്കിണർ വൃത്തിയാക്കുന്നതിനിടയിൽ സ്വർണം സൂക്ഷിക്കുന്ന സേഫ് ലോക്കറെന്ന് സംശയിക്കുന്ന ഇരുമ്പ് പെട്ടി കണ്ടെത്തിയത്. ഇതിന് 60 കിലോയോളം ഭാരം വരും.

നെയ്യാർ മേളയോട് അനുബന്ധിച്ച് കിണർ ശുചിയാക്കുന്നതിനിടയിലാണ് ചെളിയിൽ പുതഞ്ഞു കിടന്ന ലോക്കർ കണ്ടെത്തിയത്. ഉച്ചക്കട സ്വദേശിയായ പാൽമണിയും ആറ് പേരുമടങ്ങുന്ന സംഘം മൂന്ന് ദിവസമായി തുടരുന്ന വൃത്തിയാക്കലിനിടയിലാണ് തുറന്ന നിലയിൽ കിണറ്റിനുള്ളിൽ ഇന്നലെ പെട്ടി കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര പൊലീസെത്തി പെട്ടി ഏറ്റെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സ്വർണക്കടകളിലെ സേഫ് ലോക്കർ ആയിരിക്കാം എന്നാണ് നാട്ടുകാരുടെ സംശയം.

സ്വർണ കവർച്ചയ്ക്ക് ശേഷം മോഷ്ടാക്കൾ കൊണ്ടിട്ടതാവാം എന്നും സംശയിക്കുന്നു. തുരുമ്പെടുത്ത ലോക്കറിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.

Advertisement
Advertisement