അദ്ധ്യാപകരുടെ ലിസ്റ്റിലില്ലെങ്കിലും സവർക്കറെത്തി! മലപ്പുറത്ത് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിദ്യാർത്ഥി സവർക്കറുടെ വേഷമണിഞ്ഞത് വിവാദമായി

Wednesday 17 August 2022 10:10 AM IST

മലപ്പുറം: കിഴുപറമ്പ് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വിദ്യാർത്ഥി വി.ഡി.സവർക്കറുടെ വേഷമണിഞ്ഞതിനെ ചൊല്ലി വിവാദം. വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്‌കൂളിലെ സ്വാതന്ത്ര്യ ദിന ഘോഷയാത്രയ്ക്കായി 75 സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ കുട്ടികളെ അണിനിരത്തിയിരുന്നു. സവർക്കറുടെ പേര് അദ്ധ്യാപകരുണ്ടാക്കിയ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല.

വിദ്യാർത്ഥി അണിഞ്ഞ വേഷത്തിൽ സവർക്കറെന്ന് എഴുതി ഒട്ടിക്കുകയും ചെയ്തിരുന്നു. ഗ്രീൻ റൂമിലെ അദ്ധ്യാപകന്റെ ശ്രദ്ധയിൽപെതോടെ പരിപാടിയിൽ നിന്നും കുട്ടിയെ വിലക്കിയിരുന്നെന്ന് പി.ടി.എ ഭാരവാഹികൾ പറഞ്ഞു. ഗ്രീൻ റൂമിൽ നിന്നെടുത്ത ഫോട്ടോ പുറത്തായതോടെയാണ് സംഭവം വിവാദമായത്. സവർക്കറുടെ വേഷമണിയാൻ അനുവാദം കൊടുത്തിട്ടില്ലെന്നാണ് പി.ടി.എ ഭാരവാഹികളുടെ വാദം. വേഷം കെട്ടിച്ച അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കിഴുപറമ്പ് മണ്ഡലം കമ്മിറ്റി സ്‌കൂൾ പ്രധാനാദ്ധ്യാപികയ്ക്ക് പരാതി നൽകി. ചരിത്രത്തെ വെള്ളപൂശാനുള്ള ശ്രമമാണെന്നും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് ലീഗും ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ, എസ്.എസ്.എഫ് എന്നീ സംഘടനകളും സ്‌കൂളിന് മുമ്പിൽ പ്രതിഷേധിച്ചു. മണിക്കൂറുകളോളം പ്ലസ് വൺ അഡ്മിഷനും തടസപ്പെട്ടു.