റോഡുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; സാംപിൾ ശേഖരിച്ചു

Wednesday 17 August 2022 12:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ റോഡുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ആറ് മാസത്തിനിടെ നിർമിച്ച റോഡുകളിലാണ് പരിശോധന നടക്കുന്നത്. നിർമാണത്തിൽ അപാകതയുള്ളതായി പരാതി ലഭിച്ച റോഡുകളിലാണ് ആദ്യം പരിശോധന നടത്തുക എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്റെ നിർദേശത്തെ തുടർന്നാണ് പരിശോധന.

പ്രത്യേക മെഷീൻ ഉപയോഗിച്ച് റോഡിന്റെ ചെറിയഭാഗം വിജിലൻസ് സംഘം കട്ട് ചെയ്തു ശേഖരിക്കുന്നുണ്ട്. ഈ സാംപിൾ ലാബിൽ അയച്ചുപരിശോധിക്കും. നേരത്തെയുള്ള റോഡിലെ ചെളിയും മണ്ണും നീക്കി ആവശ്യത്തിന് മെറ്റലും കൃത്യമായ അളവിൽ ടാറും ഉപയോഗിച്ചാണോ റോഡ് പുനർനിർമിച്ചത് എന്നറിയാനാണ് സാംപിൾ എടുത്ത് പരിശോധിക്കുന്നത്. റോഡ് സാംപിളുകളുടെ ലാബ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും വിജിലൻസ് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുക.