കാൻസറിനെക്കാൾ അപകടം; ഹാർട്ട് ഫെയ്ലിയർ രോഗികളിൽ മരണം കൂടുന്നു

Thursday 18 August 2022 12:05 AM IST

രാജ്യത്ത് ഏഴിൽ ഒരാൾ 90ദിവസത്തിനുള്ളിൽ മരിക്കുന്നു

തിരുവനന്തപുരം : ഹാർട്ട് ഫെയ്ലിയറായാൽ അതിജീവിക്കുന്നവരുടെ എണ്ണം കാൻസർ അതിജീവിതരെക്കാൾ കുറയുന്നതായും രാജ്യത്ത് ഏഴിൽ ഒരാൾ ഹാർട്ട് ഫെയ്ലിയർ സംഭവിച്ച് 90 ദിവസത്തിനുള്ളിൽ മരിക്കുന്നതായും കണ്ടെത്തൽ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ശേഷം പരിചരണ കുറവും മരുന്നുകൾ കൃത്യമായി കഴിക്കാത്തുമാണ് രോഗം മൂർച്ഛിക്കാനും മരണത്തിനും കാരണമാകുന്നത്.

രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി 40 ശതമാനത്തിൽ കുറയുമ്പോഴാണ് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥ ഉണ്ടാവുന്നത്. ഹൃദയാഘാതമാണ് ഇതിന് പ്രധാന കാരണം. വാൽവ് തകരാർ ഉൾപ്പെടെ ഹൃദയത്തിന്റെ മറ്റ് രോഗാവസ്ഥകളും കാരണങ്ങളാണ്.

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 2018 മുതൽ 2021വരെ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഓരോ 23സെക്കൻഡിലും ഒരു ഹാർട്ട് ഫെയ്ലിയർ രോഗിയെന്ന നിലയിൽ പ്രതിവർഷം രാജ്യത്ത് 14ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ 90,000 മുതൽ 1,20,000 വരെയാണ് രോഗികളുടെ എണ്ണം. ശ്രീചിത്രയിലെ പ്രൊഫ.ഡോ.ഹരികൃഷ്ണൻ, അസോ.പ്രൊഫ.ഡോ.ജീമോൻ പന്യംമാക്കാൽ എന്നിവരുടെ നേതൃത്വത്തിൽ 21 സംസ്ഥാനങ്ങളിലെ 53 ആശുപത്രികളിലായി 11,​000 പേരെയാണ് പഠനവിധേയമാക്കിയത്. പഠന റിപ്പോർട്ട് യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ ഹാർട്ട് ഫെയ്ലിയർ ജേർണലിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയിൽ പത്തിൽ ഏഴുപേർക്കും ഹാർട്ട് അറ്റാക്കാണ് ഹാർട്ട് ഫെയ്ലിയറിന് കാരണം. ശരാശരി 60വയസുള്ളവരെയാണ് പഠനവിധേയമാക്കിയത്.

പാവപ്പെട്ടവർ വലയുന്നു

ജീവിത ശൈലിയും ഭക്ഷണക്രമവും കാരണം ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവരിൽ മാത്രമാണ് ഹാർട്ട് ഫെയ്ലിയർ ഉണ്ടാകുന്നതെന്ന ധാരണ തെറ്റാണെന്നും പഠനത്തിൽ കണ്ടെത്തി. ശ്രീചിത്രയിലെ പഠനത്തിൽ ഉൾപ്പെടെ നാലിൽ ഒരാൾ നിർദ്ധനകുടുംബത്തിലുള്ളതായിരുന്നു. വിദ്യാഭ്യാസവും കുറവ്. ഹാർട്ട് ഫെയ്ലിയർ രോഗികളിൽ പലരും ചികിത്സയ്ക്കായി പണം ചെലവാക്കി ദാരിദ്രത്തിലാവുന്നതായും കണ്ടെത്തി.

'ഹാർട്ട് ഫെയിലർ രോഗികൾക്ക് പരിചരണം ഉറപ്പാക്കാൻ രോഗിയെയും ബന്ധുക്കളെയും ബോധവൽക്കരിക്കാൻ 20കാർഡിയോളജിസ്റ്റുകളുടെ സഹകരണത്തോടെ ശ്രീചിത്ര ലോക ഹൃദയദിനത്തിൽ പുതിയ പദ്ധതി തുടങ്ങും. '

-ഡോ. ജീമോൻ പന്യംമാക്കൽ

അസോ.പ്രൊഫസർ,​ ശ്രീചിത്ര

Advertisement
Advertisement