കൊവിഡ്:ബി ടെക് പൂർത്തിയാക്കാൻ ഒരു വർഷം കൂടി  

Wednesday 17 August 2022 10:00 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാരണം പഠനം പ്രതിസന്ധിയിലായിരുന്ന, സാങ്കേതിക സർവകലാശാലയുടെ 2015, 2016 ബാച്ച് ബി ടെക് വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാക്കാൻ ഒരു വർഷം കൂടി കാലാവധി നീട്ടി നൽകാൻ സിൻഡിക്കേ​റ്റ് സ്​റ്റാൻഡിംഗ് കമ്മി​റ്റി തീരുമാനിച്ചു. ഇതുപ്രകാരം ഈ രണ്ടു ബാച്ചിലെ 5000ത്തോളം വിദ്യാർത്ഥികൾ 7 വർഷം കൊണ്ട് ബിടെക് പൂർത്തിയാക്കിയാൽ മതിയാവും.

യു.ജി.സി ചട്ടമനുസരിച്ച് കോഴ്സ് കാലാവധിയായ നാലു വർഷത്തിനു പുറമേ, രണ്ടു വർഷം കൂടി കോഴ്സ് പൂർത്തിയാക്കാൻ നൽകണം. ഇതിനു പുറമേയാണ് രണ്ടു ബാച്ചുകൾക്ക് ഒരു വർഷം കൂടി നൽകുന്നത്. ഈ ബാച്ചുകളിലെ വിദ്യാർത്ഥികൾക്ക് ബിടെക് കോഴ്സ് പൂർത്തിയാക്കാൻ 2023 ആഗസ്​റ്റ് 15 വരെ സമയം ലഭിക്കും. കോഴ്സ് കാലാവധി നീട്ടി കിട്ടുന്നതിന് വിദ്യാർത്ഥികൾ പോർട്ടൽ വഴി 22നകം അപേക്ഷിക്കണം. 1000 രൂപ ഫീസ് ഓൺലൈനായി അടയ്ക്കണം.