കോതിയിൽ പുതിയ പുലിമുട്ട് കല്ലായിപ്പുഴയിലെ ചെളിയും നീക്കും

Thursday 18 August 2022 12:29 AM IST
kothi

കോഴിക്കോട്: കല്ലായിപ്പുഴയുടെ അഴിമുഖത്ത് കോതിയിൽ പുലിമുട്ട് നിർമിക്കുന്നതിന് 10.52 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. നിരവധി കാലമായുള്ള മത്സ്യത്തൊഴിലാളികളുടെയും പ്രദേശവാസികളുടെയും അവശ്യമാണിത്. വിവിധ കാരണങ്ങൾ കൊണ്ട് മുടങ്ങിയ പദ്ധതിയ്ക്കായി നിരന്തര ആവശ്യം ഉയർന്നിരുന്നു.

ആദ്യം പ്രവൃത്തി ഏറ്റെടുത്ത കോൺട്രാക്ടർ പാറയുടെ ദൗർലഭ്യം ചൂണ്ടിക്കാണിച്ച് നിർമാണം ഏറ്റെടുക്കാതെ പിൻവാങ്ങി. പിന്നീട് ജലവിഭവ വകുപ്പ് പുതിയ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി നൽകിയെങ്കിലും ജി.എസ്.ടി തുക വകയിരുത്താതിരുന്നതിനാൽ പ്രവൃത്തി നടപ്പാക്കാൻ കഴിഞ്ഞില്ല.

മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപെടുന്ന സാഹചര്യത്തിൽ ചെന്നൈ ഐ.ഐ.ടിയുടെ നിർദ്ദേശപ്രകാരം പുലിമുട്ട് നിർമിക്കുന്നതിന് എട്ടുകോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. ജി.എസ്.ടി ഉൾപ്പെടുത്തിയാണ് തുക വർദ്ധിപ്പിച്ചത്. സുനാമി കെടുതികളുടെ പശ്ചാത്തലത്തിൽ കല്ലായിപ്പുഴയുടെ അഴിമുഖത്ത് നിർമിച്ച പുലിമുട്ടുകൾ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയിരുന്നു. വടക്ക് ഭാഗത്ത് 325 മീറ്ററും തെക്ക് ഭാഗത്ത് 225 മീറ്ററും നീളത്തിൽ പുലിമുട്ട് നിർമിക്കാനാണ് ചെന്നൈ ഐ.ഐ.ടി നിർദ്ദേശം. എന്നാൽ ഇതിനാവശ്യമുള്ള ഫണ്ട് ലഭ്യമാകാതിരുന്നതിനെ തുടർന്ന് യഥാക്രമം 155 മീറ്ററും 80 മീറ്ററും നീളത്തിലാണ് പുലിമുട്ട് നിർമിച്ചിരുന്നത്. പുലിമുട്ട് നിർമാണത്തിന്റെ അശാസ്ത്രീയതയെ തുടർന്ന് രണ്ട് വർഷത്തിനിടെ ബോട്ടുകൾ അപകടത്തിൽപെടുന്നത് പതിവായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

# കല്ലായിപ്പുഴയിലെ ചെളി നീക്കാനുള്ള ഫണ്ടും റെഡി

കല്ലായിപ്പുഴയിലെ ചെളി നീക്കാനുള്ള പദ്ധതിയ്ക്കുള്ള ഫണ്ട് നേരത്തെ വകയിരുത്തിയിട്ടുണ്ട്. മൂര്യാട് മുതൽ കോതി പാലം വരെയുള്ള ചെളി നീക്കുന്നതിന് 9.81 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജലസേചന വകുപ്പ് 7.90 കോടിയും കോഴിക്കോട് കോർപ്പറേഷൻ 1.91 കോടിയുമാണ് അനുവദിച്ചത്. ടെൻഡർ പ്രകാരം അധികം വന്ന തുക കോർപ്പറേഷൻ അനുവദിക്കുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ചെളി നീക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Advertisement
Advertisement