57 കൃഷി ഭവനുകൾക്ക് കീഴിൽ 920 വാർഡുകളിൽ കൃഷിയിറക്കി

Thursday 18 August 2022 12:13 AM IST

പത്തനംതിട്ട : കർഷക ദിനത്തിൽ ജില്ലയിലെ 57 കൃഷിഭവന് കീഴിൽ തദ്ദേശ സ്ഥാപനങ്ങളിലെ 920 വാർഡുകളിൽ കൃഷിയിറക്കി. ഒരു കൃഷിഭവന് കീഴിൽ ആറ് സ്ഥലത്ത് കൃഷി തുടങ്ങിയാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് ഇത്തവണ തുടക്കം കുറിച്ചത്. 7436 പ്ലോട്ടുകളിൽ പച്ചക്കറി തൈകൾ, തെങ്ങിൻ തൈകൾ എന്നിവ ഇന്നലെ കൃഷി ചെയ്തു.

പച്ചക്കറി, തെങ്ങ്, വാഴ, നെല്ല് തുടങ്ങിയവ ഒരു സെന്റ് മുതൽ ഒരു ഹെക്ടർ വരെയുള്ള സ്ഥലത്ത് നടാം. തദ്ദേശം, ജലസേചനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതൽ പേരെ കൃഷിയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമാകുന്ന കർഷകർക്കെല്ലാം കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകും. കൃഷിയിറക്കുന്ന കർഷകർ അതാത് സ്ഥലത്ത് കൃഷിയിറക്കിയ പടം എടുത്ത് ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്ക് അയച്ച് നൽകണം. പദ്ധതിയുടെ ഭാഗമായി കാർഷിക വിളകൾ ജനങ്ങളിലേക്കെത്തിയ്ക്കാൻ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും വിപണന കേന്ദ്രങ്ങൾ തുറക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴിയും കാർഷികോൽപ്പന്നങ്ങൾ വിറ്റഴിക്കും.

"കർഷക ദിനത്തിൽ ജില്ലയിലെ 920 വാർഡുകളിൽ കൃഷിയിറക്കിയാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ആരംഭിച്ചിരിക്കുന്നത്. "

ലൂയിസ് മാത്യു

(കൃഷി ഡെപ്യൂട്ടി ഡയറക്ടർ )