നിരണം ചുണ്ടൻ നീരണിഞ്ഞു

Thursday 18 August 2022 12:20 AM IST

തിരുവല്ല : പള്ളിയോടങ്ങളുടെ നാടായ പത്തനംതിട്ട ജില്ലയിൽ നിന്ന് മത്സര വള്ളംകളിക്ക് വേണ്ടിയുള്ള ആദ്യ ചുണ്ടൻവള്ളമായി നിരണം ചുണ്ടൻ ചിങ്ങപ്പുലരിയിൽ പമ്പയിൽ നീരണിഞ്ഞു. ഒപ്പം നിരണം ദേശത്തിന്റെ ചിരകാല സ്വപ്നത്തിനും സാഫല്യമായി. ഇന്നലെ രാവിലെ പത്തിന് ഇരതോട്ടിലെ മാലിപ്പുര കടവിൽ വള്ളത്തിന്റെ ശിൽപി കോയിൽമുക്ക് ഉമാ മഹേശ്വരൻ ആചാരിയുടെ മുഖ്യകാർമികത്വത്തിൽ കർമ്മങ്ങൾ നടന്നു. ചടങ്ങിന്റെ ഭാഗമായി ഇന്നലെ പുലർച്ചെ ഗണപതിഹോമവും വിവിധ മതാചാരപ്രകാരമുള്ള ആരാധനകൾക്കുംശേഷം ആഘോഷാരവങ്ങളോടെയാണ് വള്ളം നീരണിഞ്ഞത്. നിർമ്മാണത്തിന്റെ ഭാഗമായി കരതൊടാതെ ഉയർത്തി നിറുത്തിയിരുന്ന ചുണ്ടൻവള്ളത്തിന്റെ താഴെ തെങ്ങിന്റെ മടലുകൾ നിരത്തി താഴ്ത്തിവച്ചു. മുല്ലപ്പൂക്കളും അലങ്കാരങ്ങളുംകൊണ്ട് പുത്തൻ ചുണ്ടനെ അണിയിച്ചൊരുക്കി. വഞ്ചിപ്പാട്ടും ആർപ്പുവിളികളും വാദ്യമേളങ്ങളും വെടിക്കെട്ടും ആവേശംപകർന്ന നിമിഷങ്ങളിൽ കരക്കാരുടെ ഒത്തുചേരലിലൂടെ ചുണ്ടനെ പമ്പയിലേക്ക് ആനയിച്ചു. പമ്പയുടെ ഇരുകരകളിലും തിങ്ങിനിറഞ്ഞ പുരുഷാരത്തെ സാക്ഷിയാക്കിയാണ് നീരണിയൽ നിറവേറിയത്. പമ്പയിൽ നീരണിഞ്ഞ വലിയ ചുണ്ടന് അകമ്പടിയായി ഒട്ടേറെ ചെറുവള്ളങ്ങളും ആവേശമേകി അണിചേർന്നു. ആന്റോ ആന്റണി എം.പി, ചലച്ചിത്ര സംവിധായകൻ ബ്ലസി, മറ്റു ജനപ്രതിനിധികൾ, രാഷ്രീയ, സാമൂഹ്യരംഗങ്ങളിലെ ഒട്ടേറെപ്പേർ നാടിന്റെ ആഘോഷങ്ങളിൽ പങ്കാളികളായി. സെപ്റ്റബറിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യ മത്സരത്തിനിറങ്ങുക. വള്ളസമിതി ഭാരവാഹികളായ റെജി അടിവാക്കൽ, റോബി തോമസ്, അജിൽ പുരയ്ക്കൽ, ജോബി ആലപ്പാട്, ജോബി ഡാനിയൽ, റെന്നി തേവേരിൽ എന്നിവർ ഈ ജനകീയകൂട്ടാഴ്മയ്ക്ക് നേതൃത്വം നൽകുന്നു.

ഉളികുത്തി പണി തുടങ്ങിയത് : ഫെബ്രുവരി 10ന്.

നിർമ്മാണത്തിന് എടുത്ത ദിവസം : 168

ചുണ്ടന്റെ നീളം : 128 അടി

നയിക്കുന്നത് : അഞ്ച് അമരക്കാരും ഏഴ് താളക്കാരും രണ്ട് ഇടിയന്മാരും 85 തുഴക്കാരും.

തുഴച്ചിൽക്കാർ : നിരണം ബോട്ട് ക്ലബ്.

ശിൽപി : ഉമാ മഹേശ്വരൻ ആചാരി

(ജനകീയ കൂട്ടാഴ്മയിൽ 5000 രൂപ മുതൽ 5 ലക്ഷം വരെയുള്ള ഓഹരിയുടമകളെ കണ്ടെത്തിയാണ് വള്ളത്തിന്റ നിർമ്മാണത്തിനുള്ള ധനം സമാഹരിച്ചത്).

Advertisement
Advertisement