പരാതിക്കാരിയുടെ വസ്ത്ര ധാരണം പ്രകോപനപരം , സിവിക്കിനെതിരായ പീഡനക്കേസ് നിലനിൽക്കില്ലെന്ന് കോടതി

Thursday 18 August 2022 12:00 AM IST

കോഴിക്കോട്: പരാതിക്കാരിയുടെ വസ്ത്രധാരണത്തിൽ പ്രകോപനമുള്ളതിനാൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രനെതിരായ പീഡനക്കേസ് നിലനിൽക്കില്ലെന്ന സെഷൻസ് കോടതിയുടെ വിചിത്ര ജാമ്യ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. സിവിക്കിന് മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറിന്റേതാണ് വിവാദ ഉത്തരവ്. ആഗസ്റ്റ് 12നുള്ള ഉത്തരവ് ഇന്നലെ സ്വകാര്യ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിച്ചതോടെയാണ് വിവാദമായത്.

അപേക്ഷയ്‌ക്കൊപ്പം സിവിക് സമർപ്പിച്ച പരാതിക്കാരിയുടെ ഫോട്ടോ പരിശോധിച്ചായിരുന്നു കോടതി പരാമർശം. ശാരീരിക വൈകല്യമുള്ള 74കാരനായ പ്രതി പരാതിക്കാരിയെ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്ന് വിശ്വസിക്കാനാകില്ല. 2020 ഫെബ്രുവരിയിൽ കൊയിലാണ്ടിക്ക് സമീപം നന്തിയിൽ നടന്ന സാഹിത്യ ക്യാമ്പിൽ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാൽ ആറ് മാസം കഴിഞ്ഞാണ് പരാതിപ്പെട്ടത്. വൈകി പരാതി കൊടുക്കാനുള്ള കാരണം യുവതി വ്യക്തമാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് വേണ്ടി അഡ്വ. പി.വി. ഹരി, അഡ്വ. എം. സുഷമ എന്നിവർ ഹാജരായി.

പരാമർശം അപഹാസ്യമാണെന്ന് കെ. അജിത

കോടതി പരാമർശം അപഹാസ്യമാണെന്ന് അന്വേഷി പ്രസിഡന്റ് കെ. അജിത പറഞ്ഞു. വസ്ത്രധാരണം ചൂണ്ടിക്കാട്ടി സ്ത്രീകൾക്കെതിരായ ആക്രമണം സാധൂകരിക്കുന്ന കോടതികൾ ആശങ്ക ഉയർത്തുകയാണ്. വിചാരണയ്‌ക്ക് മുമ്പുള്ള പരാമർശത്തിലൂടെ പരാതിക്കാരിയുടെ ആരോപണൾ കോടതി തള്ളിയെന്നും അവർ പറഞ്ഞു. നിയമത്തിൽ പ്രാഥമിക സാക്ഷരതയുമുള്ള ആർക്കും ഇങ്ങനെ വിധിക്കാനാകില്ലെന്ന് കെ.കെ. രമ എം.എൽ.എ പ്രതികരിച്ചു. ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്ന വിധി പ്രഖ്യാപിച്ച ന്യായാധിപനെ നീക്കാൻ ഉപരി കോടതി തയ്യാറാകണമെന്നും രമ ആവശ്യപ്പെട്ടു.

Advertisement
Advertisement