വാട്ടർ അതോറിട്ടി: കേടായ മീറ്ററുകൾ 75000, ചോരുന്നത് ലക്ഷങ്ങൾ

Thursday 18 August 2022 12:31 AM IST

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലായ കേരള വാട്ടർ അതോറിട്ടിയിൽ കേടായ മീറ്ററുകളിലൂടെ ചോരുന്നത് ലക്ഷങ്ങൾ. ആകെയുള്ള 37,22,748 മീറ്ററുകളിൽ 75,015 എണ്ണമാണ് പണി മുടക്കിയത്. അതിനാൽ അധികം ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് അറിയാനാവുന്നില്ല. നഷ്ടത്തിന്റെ കണക്കും തിട്ടമില്ല.

ഏറ്റവും കൂടുതൽ മീറ്ററുകൾ കേടായത് തലസ്ഥാന ജില്ലയിലാണ്. സൗത്ത്,​ നോർത്ത് ഡിവിഷനുകളിലായി 18,​000 എണ്ണം. 10,​903 മീറ്ററുകളുമായി കൊല്ലം ഡിവിഷനാണ് രണ്ടാം സ്ഥാനത്ത്. കുറവ് കാസർകോട്ട് -420 എണ്ണം. ഉത്പാദിപ്പിക്കുന്ന ജലത്തിന്റെ 45 ശതമാനവും മോഷണത്തിലൂടെയോ, ചോർച്ചയിലൂടെ നഷ്ടമാകുന്നതിന് പുറമെയാണിത്.

മീറ്റർ കേടായാൽ പ്രവർത്തനക്ഷമമായിരുന്ന സമയത്തെ ചാർജാണ് ഈടാക്കുക. ആദ്യ രണ്ടു മാസം കുടിവെള്ള ചാർജിന്റെ 25 ശതമാനം സർചാർജും. മൂന്നാം മാസം 50 ശതമാനവും, പിന്നീട് 100 ശതമാനവുമാണ് സർചാർജ്. ഉപഭോക്താവ് മീറ്റർ മാറ്റാൻ തയ്യാറായില്ലെങ്കിൽ ആറു മാസം മുതൽ ഒരു വർഷം വരെ സമയം നൽകിയേ കണക്ഷൻ കട്ട് ചെയ്യൂ. കാലപ്പഴക്കമാണ് മീറ്ററുകൾ കേടാകാനുള്ള പ്രധാന കാരണം. മഴയും വെയിലുമേൽക്കുന്ന തരത്തിലാണ് മീറ്റർ സ്ഥാപിക്കുന്നതെങ്കിൽ പൂപ്പലുണ്ടായി ഡിസ്‌പ്ളേ തകരാറിലാവും. കുറഞ്ഞ റീഡിംഗ് കാണിക്കുന്നതിന് മീറ്ററുകളിൽ കൃത്രിമത്വം നടത്തുന്നതും വ്യാപകമാണ്. കേടായ മീറ്ററുകൾ കണ്ടെത്താൻ മതിയായ മീറ്റർ ഇൻസ്‌പെക്ടർമാരും ഇല്ല.

മറ്റ് ജില്ലകളിൽ കേടായ മീറ്ററുകളുടെ എണ്ണം

 ആലപ്പുഴ- 8825

 പത്തനംതിട്ട- 6115

 കോട്ടയം- 2212

 ഇടുക്കി- 1498

 എറണാകുളം-10,​845

 തൃശൂർ- 6080

 പാലക്കാട്- 2981

 മലപ്പുറം- 2050

 കോഴിക്കോട്- 2981

 വയനാട്- 627
 കണ്ണൂർ- 1487