എം.എസ്. സുബ്ബലക്ഷ്മി ഫൗണ്ടേഷൻ അച്ചടി മാദ്ധ്യമ പുരസ്‌കാരം എസ്. വിക്രമന്

Thursday 18 August 2022 12:00 AM IST

തിരുവനന്തപുരം: എം.എസ്. സുബ്ബലക്ഷ്മി ഫൗണ്ടേഷൻ അച്ചടി മാദ്ധ്യമ പുരസ്കാരത്തിന് കേരളകൗമുദി തിരുവനന്തപുരം - ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ അർഹനായി. എം.എസ്. സുബ്ബലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്ത ഫലകവും 10,​000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. പി. ചന്ദ്രമോഹൻ,​ ഡോ. എം. ജയപ്രകാശ്,​ സംഗീതജ്ഞയും സിനിമാതാരവുമായ ആർ. സുബ്ബലക്ഷ്മി,​ സന്ധ്യാ രാജേന്ദ്രൻ,​ വിജയകുമാരി,​ മാധവൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം ആനയറ കുടവൂർ സ്വദേശിയാണ് എസ്. വിക്രമൻ. ഭാര്യ എസ്. ബിന്ദു. ഐശ്വര്യ വിക്രം,​ അപർണ വിക്രം എന്നിവർ മക്കളാണ്. എം.എസ്. സുബ്ബലക്ഷ്മി ഫൗണ്ടേഷൻ സംഗീതരത്ന പുരസ്കാരത്തിന് കലാശ്രീ എസ്.ആർ. രാജശ്രീയും ചലച്ചിത്ര പ്രതിഭാ പുരസ്കാരത്തിന് ശ്രീകുമാരൻ തമ്പിയും ചലച്ചിത്ര പുരസ്കാരത്തിന് ലക്ഷ്മി ഗോപാലസ്വാമിയും അർഹരായി. സംഗീത നാടക മാദ്ധ്യമ സിനിമ മേഖലകളിലുള്ളവർക്കായി എം.എസ്. സുബ്ബലക്ഷ്മി ഫൗണ്ടേഷനും ശ്രീ‌കൃഷ്ണ നാട്യസംഗീത അക്കാഡമിയും സംയുക്തമായാണ് പുരസ്കാരം നൽകുന്നത്. വർക്കല വർഷമേഘ കൺവെൻഷൻ സെന്റർ മൈതാനിയിൽ 28ന് വൈകിട്ട് 4ന് മന്ത്രി വി.എൻ. വാസവൻ പുരസ്കാരങ്ങൾ നൽകും. ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം,​ ഋഷിരാജ് സിംഗ്,​ അഡ്വ. വി. ജോയി എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.​