പത്ത് ടണ്ണോളം സ്ഫോടക വസ്തുക്കൾ കടത്തിയ കേസിൽ കർണ്ണാടക സ്വദേശി അറസ്റ്റിൽ

Thursday 18 August 2022 12:16 AM IST
സോമശേഖര

മലപ്പുറം: കോഴി വളത്തിനൊപ്പം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പത്ത് ടണ്ണോളം അനധികൃത സ്‌ഫോടക വസ്തുക്കൾ 2018ൽ മോങ്ങത്ത് പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. സ്‌ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കയറ്റി അയച്ച കർണ്ണാടക കൂർഗ് സ്വദേശി സോമശേഖരയെ(45) നാർക്കോട്ടിക് സെല്ലാണ് പിടികൂടിയത്. സംസ്ഥാനത്തേക്ക് അനധികൃതമായി സ്‌ഫോടക വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

പതിനായിരത്തോളം ഡിറ്റണേറ്ററുകൾ, പത്ത് ടണ്ണോളം ഭാരം വരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ, ഫ്യൂസ് വയറുകൾ എന്നിവയാണ് ലോറിയിൽ ഉണ്ടായിരുന്നത്. ക‍ർണ്ണാടക സ്വദേശിയായ ലോറി ഡ്രൈവറെയും തൃക്കരിപ്പൂർ സ്വദേശിയേയും അന്ന് പൊലീസ് കസ്റ്റ‌ഡിയിലെടുത്തിരുന്നു. ക്വാറികളിൽ പാറ പൊട്ടിക്കാനായി കൊണ്ടുവന്നതാണ് ഇവ എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി.ബിനുകുമാർ, എ.എസ്.ഐമാരായ ഷൈജു കാളങ്ങാടൻ, സാജു പൂക്കോട്ടൂർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാക്കിർ സ്രാമ്പിക്കൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement