എൻഫീൽഡ് ഹണ്ടർ 350: വലിയ വിപണിയായി കേരളം

Thursday 18 August 2022 2:14 AM IST

കൊച്ചി: റോയൽ എൻഫീൽഡിന്റെ ഏറ്റവും പുത്തൻ മോഡലായ ഹണ്ടർ 350ന് ഏറ്റവുമധികം ബുക്കിംഗ് കേരളത്തിൽ നിന്ന്. ഇന്ത്യയിലെ മൊത്തം ബുക്കിംഗിൽ 13 ശതമാനവും കേരളത്തിൽ നിന്നാണെന്ന് റോയൽ എൻഫീൽഡ് ഇന്ത്യ ആൻഡ് സാർക്ക് ബിസിനസ് ഹെഡ് വി.ജയപ്രദീപ് പറഞ്ഞു. ഹണ്ടർ 350 കൊച്ചിയിൽ നടന്ന ചടങ്ങിൽ കേരളവിപണിയിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

കമ്പനിയുടെ ഇന്ത്യയിലെ ടോപ് 3 വിപണികളിലൊന്നാണ് കേരളം. ദീർഘദൂര റൈഡിംഗിന് പുറമേ നഗരയാത്രയ്ക്കും അനുയോജ്യമായ വിധമാണ് ഹണ്ടർ 350യുടെ നിർമ്മാണം. റെട്രോ, മെട്രോ എന്നീ എഡിഷനുകളാണുള്ളത്. സ്പോക്ക് വീലോട് കൂടിയാണ് ഫാക്‌ടറി സീരീസിൽ റെട്രോ ഹണ്ടർ എത്തുന്നത്. ഡാപ്പർ, റിബൽ എന്നീ വേരിയന്റുകളാണ് മെട്രോയ്ക്കുള്ളത്.

ഹണ്ടർ 350 ഫാക്‌ടറി സീരീസിന് 1.49 ലക്ഷം രൂപയാണ് കേരളത്തിൽ എക്‌സ്‌ഷോറൂം വില. ഡാപ്പർ സീരീസിന് 1.63 ലക്ഷം രൂപ. റിബലിന് 1.67 ലക്ഷം രൂപ. റിബൽ ബ്ളൂ, റെഡ്, ബ്ളാക്ക്, ഡാപ്പർ ആഷ്, വൈറ്റ്, ഗ്രേ, ഫാക്‌ടറി ബ്ളാക്ക്, സിൽവർ എന്നീ നിറങ്ങളിൽ പുത്തൻ ഹണ്ടർ 350 ലഭിക്കും.