കാവനാട് ചന്തയിൽ മത്സ്യക്കച്ചവടത്തിൽ പാത്രം കമഴ്‌ത്തി കൊള്ള !

Thursday 18 August 2022 1:28 AM IST

കൊല്ലം: കാവനാട് ചന്തയിലെ മത്സ്യക്കച്ചവടക്കാരിൽ ചിലർ കമഴ്‌ത്തി വച്ച പാത്രത്തിന് മുകളിൽ മീൻ നിരത്തി ഒരുപാടുണ്ടെന്ന പ്രതീതി സൃഷ്ടിച്ച് ഉപഭോക്താക്കളെ പറ്റിക്കുന്നു. സഞ്ചിയിലേക്ക് ഇടുമ്പോൾ തട്ടിപ്പ് ശ്രദ്ധയിൽപ്പെടുന്ന ഉപഭോക്താക്കൾ ചോദ്യം ചെയ്താലും മത്സ്യം തിരിച്ചെടുക്കാതെ പണം പിടിച്ചുപറിക്കുകയാണ്.

മറ്റ് ചന്തകളിലേത് പോലെ തട്ടിൻപുറത്തായിരുന്നു ഇവിടെയും കച്ചവടം. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവിടെ സ്റ്റീൽ പാത്രത്തിന് മുകളിൽ മറ്റൊരു പാത്രം കമഴ്‌ത്തി വച്ച് അതിന് മുകളിൽ മത്സ്യം നിരത്തിവച്ചുള്ള തട്ടിപ്പ് തുടങ്ങിയത്. കമഴ്‌ത്തി വച്ച പാത്രത്തിന് മുകളിൽ മത്സ്യം അടുക്കുമ്പോൾ ഒരുപാട് ഉണ്ടെന്ന് തോന്നി ഉപഭോക്താക്കൾ വാങ്ങും. സഞ്ചിയിലേക്ക് ഇടുമ്പോൾ കമഴ്‌ത്തി വച്ചിരിക്കുന്ന പാത്രം ശ്രദ്ധയിൽപ്പെടാതിരിക്കാൻ മറ്റെന്തെങ്കിലും പറഞ്ഞ് ഉപഭോക്താക്കളുടെ ശ്രദ്ധ തിരിക്കുകയും ചെയ്യും. വീട്ടിലെത്തി ചട്ടിയിൽ തട്ടിയിടുമ്പോഴാണ് പലരും കബിളിക്കപ്പെട്ടെന്ന് തിരിച്ചറിയുന്നത്.

മറ്റ് കച്ചവടക്കാർ പ്രതിസന്ധിയിൽ

ചില ഈ മത്സ്യക്കച്ചവടക്കാരുടെ തട്ടിപ്പ് കാരണം ചന്തയിലെ മറ്റ് കച്ചവടക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരിക്കൽ കബിളിപ്പിക്കപ്പെട്ടവർ പിന്നെ ജീവിതത്തിൽ ഇവിടേക്ക് വരാതായതോടെ മറ്റ് കച്ചവടക്കാരുടെയും വില്പന ഇടിഞ്ഞു. ചന്തയിൽ ആളെത്താതായതോടെ നിരവധി പേരുടെ ഉപജീവന മാർഗ്ഗം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്.

'' ചില മത്സ്യകച്ചവടക്കാരുടെ തട്ടിപ്പിനെതിരെ ശക്തികുളങ്ങര പൊലീസ്, കോർപ്പറേഷൻ എന്നിവർക്ക് നേരത്തെ പരാതി നൽകിയിരുന്നു. പക്ഷേ യാതൊരു ഇടപെടലും ഉണ്ടായില്ല. കഴിഞ്ഞ ദിവസം പൊലീസ് കമ്മിഷണർക്കും ലീഗൽ മെട്രോളജി വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.''

കാവനാട് ശ്രീകുമാർ

പ്രസിഡന്റ്, കെ.ആർ. നാരായണൻ നഗർ റസി. അസോ.

Advertisement
Advertisement