ചെങ്കൊടി സാഗരമായി സി.പി.ഐ ജില്ലാ സമ്മേളനത്തിന് തുടക്കം

Thursday 18 August 2022 1:40 AM IST

കൊല്ലം: ചെങ്കൊടിയേന്തിയ നൂറ് കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി സി.പി.ഐ ജില്ലാ സമ്മേളനത്തിന് കൊല്ലം നഗരത്തിൽ പതാക ഉയർന്നു. രക്തസാക്ഷി കുടീരങ്ങളിൽ നിന്നെത്തിയ കൊടിമര, പതാക, ദീപശിഖാ ജാഥകൾ മുദ്രാവാക്യഭരിതമായ അന്തരീക്ഷത്തിൽ സംഗമിച്ചതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്.

കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ നിന്ന് ജില്ലാ എക്സി. അംഗം കെ.എസ്. ഇന്ദുശേഖരൻ നായരുടെ നേതൃത്വത്തിലായിരുന്നു കൊടിമര ജാഥ. ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആർ.എസ്. അനിലിന്റെ നേതൃത്വത്തിൽ പതാക ജാഥ, ഉളിയനാട് രാജേന്ദ്രകുമാറിന്റെ സ്മൃതി കൂടിരത്തിൽ നിന്ന് കെ. ജഗദമ്മ ടീച്ചറിന്റെ നേതൃത്വത്തിൽ എത്തിയ ബാനർ ജാഥ, കോട്ടാത്തല സുരേന്ദ്രന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ്. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള ദീപശിഖാ ജാഥ എന്നിവ പൊതുസമ്മേളന നഗരിയിൽ സംഗമിച്ചു. കൊടിമരം മുൻ മന്ത്രി കെ.രാജു, പതാക സംസ്ഥാന കൗൺസിൽ അംഗം ആർ.രാമചന്ദ്രൻ, ബാനർ മന്ത്രി ജെ.ചിഞ്ചുറാണി, ദീപശിഖ പി.എസ്.സുപാൽ എം.എൽ.എ എന്നിവർ ഏറ്റുവാങ്ങി. തുടർന്ന് പൊതുസമ്മേളന നഗരിയിൽ ദേശീയ കൗൺസിൽ അംഗം എൻ. അനിരുദ്ധൻ പതാക ഉയർത്തി.

ഇന്ന് രാവിലെ 10.30ന് പ്രതിനിധി സമ്മേളന നഗരിയിൽ സംസ്ഥാന എക്സി. അംഗം കെ.ആർ.ചന്ദ്രമോഹൻ പതാക ഉയർത്തും. 11ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് കൊല്ലത്തിന്റെ സമഗ്രവികസനം’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

വിമർശനം കനപ്പിക്കാതെ റിപ്പോർട്ടുകൾ

സമ്മേളനകാലയളവിലെ സംഘടനാ പ്രവർത്തനവും രാഷ്ട്രീയ സംഭവ വികാസങ്ങളും കണിശമായ വിമർശനത്തിനും സ്വയം വിമർശനത്തിനും വിധേയമാക്കാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ സമ്മേളനം ചേരുന്നത്. എന്നാൽ സി.പി.ഐ ജില്ലാ സമ്മേളനത്തിൽ ഇന്ന് അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിലും രാഷ്ട്രീയ റിപ്പോർട്ടിലും വിമർശനവും സ്വയം വിമർശനവും ഏറെ മൃദുവാക്കിയതായാണ് സൂചന. ജില്ലയിലെ സി.പി.ഐയിൽ വിഭാഗീയത ഏറെ രൂക്ഷമായിരുന്നെങ്കിലും സമ്മേളന നടപടികൾ ആരംഭിച്ചപ്പോൾ കാനം പക്ഷവും കാനം വിരുദ്ധ പക്ഷവും കടുത്ത വാശികൾ ഉപേക്ഷിച്ചിരുന്നു. ജില്ലാ സമ്മേളനത്തിൽ തീ വീണ്ടും അളിക്കത്താതിരിക്കാനാണ് റിപ്പോർട്ടുകൾ മൃദുവാക്കിയതെന്നാണ് വിലയിരുത്തൽ. കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ പരാജയവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പ്രവർത്തന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ടുകൾക്ക് മൂർച്ഛയില്ലെങ്കിലും ചർച്ചയിൽ തീപാറും. കരുനാഗപ്പള്ളിയിലെ പരാജയം, ചടയമംഗലം സ്ഥാനാർത്ഥി നിർണയത്തിലെ തർക്കങ്ങൾ, സഹകരണ ആശുപത്രി വിവാദം, ജില്ലാ സെക്രട്ടറി മാറ്റവുമായി ബന്ധപ്പെട്ട് അരങ്ങേറിയ നാടകങ്ങൾ, നേതാക്കൾ തമ്മിലുണ്ടായ പോർവിളികൾ, അദ്ധ്യാപന ജോലിയിൽ നിന്ന് അവധിയെടുക്കാമെന്ന വ്യവസ്ഥയിൽ മണ്ഡലം സെക്രട്ടറിയായ ശേഷം പാലിക്കാത്തത്, തുടങ്ങിയവയൊക്കെ സമ്മേളനത്തിൽ രൂക്ഷമായ ചർച്ചയ്ക്ക് വഴിവയ്ക്കും.

Advertisement
Advertisement