കൊത്തിപ്പെറുക്കാൻ കോഴിത്തീറ്റ ഫാക്ടറി

Thursday 18 August 2022 1:42 AM IST

കൊല്ലം: കോഴി വളർത്തൽ സംരംഭകർക്ക് പ്രതീക്ഷയേകി തോട്ടത്തറ സർക്കാർ ഹാച്ചറിയോട് ചേർന്ന് കോഴിത്തീറ്റ നിർമ്മാണ ഫാക്ടറി ഒരുങ്ങുന്നു. ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിർമ്മാണ നടപടികൾ ആരംഭിച്ചു.

കെട്ടിട നിർമ്മാണത്തിന് 10 ലക്ഷം രൂപ കൈമാറി. 80 ലക്ഷം രൂപയാണ് മെഷിനറികളുടെ ചെലവ് പ്രതീക്ഷിക്കുന്നത്. എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായാൽ തുക കൈമാറും.

ജില്ലയിൽ കോഴിത്തീറ്റ കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്നതാണ് പദ്ധതിയുടെ നേട്ടം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ പ്രതിദിനം 8 ടൺ ഉല്പാദനമാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം നാലു ലക്ഷം കിലോ കോഴിത്തീറ്റ ഹാച്ചറിയിലേക്ക് മാത്രം ആവശ്യമുണ്ട്.

കൂടാതെ ജില്ലയിൽ ലൈസൻസുള്ള 50ൽ അധികം കോഴിവളർത്തൽ നഴ്സറികളുമുണ്ട്. നിലവിൽ മണ്ണൂത്തി വെറ്ററിനറി സർവകലാശാലയുടെ തിരുവിതാംകുന്ന് ഫാക്ടറിയിൽ നിന്നാണ് കോഴിത്തീറ്റ വാങ്ങുന്നത്. 38 മുതൽ 40 രൂപ വരെ വിലയുള്ള കോഴിത്തീറ്റയാണ് വിവിധ പ്രായത്തിലുള്ള കോഴികൾക്ക് നൽകുന്നത്. തീരെ കുഞ്ഞുങ്ങൾക്കുള്ള തീറ്റക്ക് 40 രൂപയാണ് വില. സ്വകാര്യ കമ്പനികളിൽ 42 രൂപ വരെ വില ഈടാക്കുന്നുണ്ട്.

വികസന വഴിയിൽ തോട്ടത്തറ ഹാച്ചറി

1. തോട്ടത്തറ ഹാച്ചറി സ്വന്തമായി കുഞ്ഞുങ്ങളെ വളർത്തി വളർച്ചയുടെ പാതയിൽ

2. ആദ്യഘട്ടമായി 4810 മുന്തിയ ഇനം കോഴികളെ മണ്ണൂത്തിയിൽ നിന്ന് വാങ്ങി

3. ഇവ വിരിയിച്ച് മാതൃശേഖരം ഒരുക്കി

4. ഇപ്പോൾ പൂർണമായും ഇവടെനിന്നുള്ള മുട്ടയാണ് വിരിയിക്കുന്നത്

5. ഗ്രാമശ്രീ, കരിങ്കോഴി, തലശേരി നാടൻ ഇനങ്ങളിൽപ്പെട്ടവയാണ് കുഞ്ഞുങ്ങൾ

ഫാക്ടറിക്ക് വകയിരുത്തിയത് - ₹ 1 കോടി

ഉല്പാദന ശേഷി - 8 ടൺ (പ്രതിദിനം)

ഹാച്ചറി ആരംഭിച്ചത് - 2014ൽ

ഹാച്ചറിയിൽ ഒരുസമയം വിരിയിക്കാവുന്നത് - 1.20 ലക്ഷം (കുഞ്ഞുങ്ങൾ)

സെയിൽസ് കൗണ്ടർ

 മുട്ട

 ഒരുദിവസം മുതൽ പ്രായമായ കോഴികൾ

 കോഴിത്തീറ്റകൾ

ജില്ലാ പഞ്ചായത്തിന്റെ അഭിമാന പദ്ധതിയാണ് കോഴിത്തിറ്റ ഫാക്ടറി. കർഷകർക്ക് ഏറെ പ്രയോജനകരമാകും.

സാം.കെ.ഡാനിയേൽ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Advertisement
Advertisement