കൂട്ടുകാരനായി കൈകോർത്ത് ബസ് ജീവനക്കാരും ഉടമകളും ഒറ്റദിവസം ലഭിച്ചത് നാല് ലക്ഷത്തിലേറെ

Friday 19 August 2022 12:49 AM IST

കൊച്ചി: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബസ് ജീവനക്കാരനായി സഹപ്രവർത്തകരും മറ്റ് ബസുകളും കൈകോർത്തപ്പോൾ ലഭിച്ചത് നാല് ലക്ഷത്തിലേറെ രൂപ.

പൂക്കാട്ടുപടി- എറണാകുളം റൂട്ടിലോടുന്ന ഇർഫാൻ ബസിലെ ജീവനക്കാരനായ പൂക്കാട്ടുപടി സ്വദേശി ശ്യാംജിത്തി(21)നായാണ് ഇതേ റൂട്ടിലെ 27 ബസുകൾ ബുധനാഴ്ച സർവീസ് നടത്തിയത്.

അപകടം നടന്നതിനു പിന്നാലെ ശ്യാമിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി ഇർഫാൻ ബസിന്റെ ഉടമ റജീബ് ചൊവ്വാഴ്ച തന്റെ ബസിൽ ബാനർകെട്ടി സർവീസ് നടത്തി. അന്ന് 30,000രൂപയോളം സമാഹരിച്ചു. ഇതറഞ്ഞ മറ്റ് ബസുടമകളും ശ്യാമിനായി കൈകോർക്കുകയായിരുന്നു.

യാത്രക്കാർക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്യാം. പകരം ബക്കറ്റുമായി ബസിലെ ജീവനക്കാർ അടുത്തെത്തുമ്പോൾ ഇഷ്ടമുള്ള തുക സംഭാവനയായി നൽകാം എന്നതായിരുന്നു വ്യവസ്ഥ. കാര്യമറിഞ്ഞ യാത്രക്കാർ കൈയയച്ച് സഹായിച്ചു. ഒന്നരലക്ഷം രൂപയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് റജീബ് പറഞ്ഞു.

സ്വകാര്യ ബസുകളുടെ സംഘടനയായ കെ.ബി.ടി.എയുടെ പിന്തുണയോടെയാണ് ബസുകൾ ജീവകാരുണ്യ പ്രവർത്തനത്തിനിറങ്ങിയത്. ഇന്നലെ ആലുവ ഉൾപ്പടെ മറ്റ് ചില റൂട്ടുകളിലെ ബസുകളും ശ്യാമിനായി സർവീസ് നടത്തി. ഇന്ധന ചെലവും ജീവനക്കാരുടെ ദിവസക്കൂലിയും മാത്രമാണ് ബസുടമകൾ എടുത്തത്. ജീവനക്കാർ അവരുടെ പ്രതിദിന ബാറ്റയും ചികിത്സാ സഹായത്തിലേക്ക് നൽകി.

ഞായറാഴ്ച രാത്രി കളമശേരി ടി.വി.എസ് ജംഗ്ഷനിൽ വച്ചാണ് ശ്യാംജിത്ത് അപകടത്തിൽപ്പെട്ടത്. ശ്യാം സഞ്ചരിച്ച ബൈക്കിൽ ഇന്നോവ കാർ വന്നിടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ശ്യാംജിത്തിന് തലയ്ക്കും നട്ടെല്ലിനും കഴുത്തിനും തലച്ചോറിലേക്ക് പോകുന്ന ഞരമ്പിനും ഗുരുതര പരിക്കുണ്ട്. പൂക്കാട്ടുപടി മാളേയ്ക്കൽപടിയിൽ അമ്മയ്‌ക്കൊപ്പം വാടകകയ്ക്ക് താമസിക്കുകയാണ് ശ്യാംജിത്ത്.

Advertisement
Advertisement