ഈ ജഡ്ജി ജീവിക്കുന്നത് 19ാം നൂറ്റാണ്ടിലാണോ? സിവിക് ചന്ദ്രൻ വിഷയത്തിൽ കോടതിക്കെതിരായ പരാമ‌ർശവുമായി വി ഡി സതീശൻ

Thursday 18 August 2022 6:59 PM IST

തിരുവനന്തപുരം: സിവിക് ചന്ദ്രനെതിരായ പീഡനകേസിൽ കോടതിയുടെ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പട്ടികജാതി വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അവർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും വേണ്ടി പാർലമെന്റ് പാസാക്കിയ നിയമത്തെ ചവിട്ടിയരയ്ക്കുന്ന കാഴ്ചയാണ് കോടതി പരാമർശത്തിലൂടെ കണ്ടതെന്ന് സതീശൻ കുറ്റപ്പെടുത്തി.

അതിജീവിതയ്‌ക്കെതിരെ പരാമ‌‌ർശം നടത്തിയ ജഡ്ജി 19ാം നൂറ്റാണ്ടിലെ സ്പെയിനിലാണോ അതോ 21ാം നൂറ്റാണ്ടിലാണോ ജീവിക്കുന്നതെന്നും സതീശൻ ചോദിച്ചു. നീതി കൊടുക്കേണ്ട സ്ഥാപനങ്ങൾ ഇങ്ങനെ ചെയ്താൽ നീതി തേടി മനുഷ്യർ എവിടേക്ക് പോകും എന്നും സിവിക് ചന്ദ്രൻ വിഷയത്തിൽ കോടതി നടത്തിയ പരാമർശത്തിൽ ഹൈക്കോടതി ഇടപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോഴിക്കോട് സെഷൻസ് കോടതിയാണ് സിവിക് ചന്ദ്രന് എതിരെ പീഡനപരാതി നൽകിയ അതിജീവിതയ്‌ക്കെതിരെ പരാമർശങ്ങൾ നടത്തിയത്.

അതേസമയം കോഴിക്കോട് സെഷൻസ് കോടതി നിരീക്ഷണങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ രംഗത്തെത്തി. ലൈംഗിക അതിക്രമ കേസിൽ പരാതിക്കാരിയുടെ വസ്ത്രം സംബന്ധിച്ച കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് രേഖ ശർമ പ്രതികരിച്ചു. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ കോടതി അവഗണിച്ചെന്നും രേഖ ശർമ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പ്രതികരണം.

പരാതിക്കാരി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡന പരാതി നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ പരാമർശം. ജാമ്യാപേക്ഷയ്‌ക്കൊപ്പം സിവിക് ചന്ദ്രൻ കോടതിയിൽ സമർപ്പിച്ച ചിത്രങ്ങളിൽ പരാതിക്കാരിയുടെ വസ്ത്രധാരണരീതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാണെന്നും, പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിലിരുത്തി മാറിടം അമർത്താൻ അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Advertisement
Advertisement