ഫ്ലാറ്റുകളിൽ ഇനി 'യോദ്ധാവ്' ക്ലാസ്

Friday 19 August 2022 12:45 AM IST

യോദ്ധാവ് നമ്പ‌ർ: 9995966666

കൊച്ചി: റെസിഡൻസ് അസോസിയേഷൻ അംഗങ്ങളും താമസക്കാരും വിദ്യാർത്ഥികളാകും. പൊലീസ് ഉദ്യോഗസ്ഥർ അദ്ധ്യാപകരും. ഈ മാസം 31 വരെ കൊച്ചി സിറ്റി പൊലീസ് പരിധിയിലെ ഫ്ലാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും യോദ്ധാവ് പദ്ധതിയെക്കുറിച്ച് പ്രത്യേക പഠന ക്ലാസ് നടത്താൻ നിർദ്ദേശം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടേതാണ് ഉത്തരവ്. കാക്കനാട് ഇടച്ചിറയിൽ യുവാവിനെ കൊന്ന് ഫ്ലാറ്റിന്റെ പൈപ്പ് ഡക്ടിൽ തള്ളിയ സംഭവത്തിൽ ലഹരി ഉപയോഗവും മറ്റും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കമ്മിഷണറുടെ കർശനനിർദ്ദേശം . ലഹരി സംഘങ്ങളെ അമർച്ച ചെയ്യുകയാണ് ലക്ഷ്യം. കൂടാതെ മൂന്ന് കർമ്മപദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.

 വേണം പി.സി.സി

കൊച്ചിയിലെയും സമീപദേശങ്ങളിലെയും വീടുകൾ വാടകയ്ക്ക് നൽകുമ്പോൾ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ഇതിലൂടെ പുതുതായി എത്തുന്ന താമസക്കാരെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കും. ഫ്ലാറ്റുകളിലും ഹോട്ടലുകളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ പ്രത്യേകം സൂക്ഷിക്കണമെന്ന നിർദ്ദേശം കടുപ്പിച്ചിട്ടുണ്ട്.

 മിന്നൽ പരിശോധന

യുവാക്കൾ താമസിക്കുന്ന സ്ഥലങ്ങളിൽ ലഹരി ഉപയോഗവും വില്പനയും വ്യാപകമാണെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മിന്നൽ പരിശോധന നടത്തും.

 രേഖ സൂക്ഷിക്കണം

ഫ്ലാറ്റുകളിൽ താമസക്കാർക്കൊപ്പം എത്തുന്നവരുടെ പേരും വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിവയ്ക്കണം. വന്നുപോകുന്നവർ താമസക്കാരുമായി പരിചയമില്ലെങ്കിൽ അക്കാര്യം പൊലീസിനെ അറിയിക്കണം. നേരത്തെ തന്നെ ഇത്തരം ഉത്തരവുണ്ടെങ്കിലും കാക്കനാട് കൊലപാതകം നടന്ന ഫ്ലാറ്റിലടക്കം ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ.

 യോദ്ധാവ്

വാട്സ്ആപ്പിൽ ഒരു മെസേജ് ഇട്ടാൽ മതി. പൊലീസ് സംഘം അവിടേയ്ക്ക് പാഞ്ഞെത്തി ലഹരി സംഘങ്ങളെ തൂക്കിയെടുക്കും. എന്നാൽ ഇതേക്കുറിച്ച് അധികമാർക്കും അറിയില്ലെന്നതാണ് വസ്തുക. ഈ സാഹചര്യത്തിലാണ് ബോധവത്കരണം. വീഡിയോ, ഓഡയോ വിവരങ്ങൾ കൈമാറാം. 9497980430 എന്ന ഡാൻസാഫ് നമ്പറിലും വിവരങ്ങൾ അറിയിക്കാം. പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

Advertisement
Advertisement