പരിക്കേറ്റ കാട്ടുപൂച്ചയ്ക്ക് രക്ഷകയായി വിക്ടോറിയ

Friday 19 August 2022 12:34 AM IST

തൃക്കാക്കര: വാഹനം ഇടിച്ച് പരിക്ക് പറ്റിയ കാട്ടുപൂച്ചയ്ക്ക് രക്ഷകയായി വിക്ടോറിയ. കാക്കനാട് ഈച്ച മുക്ക് ജംഗ്ഷനിൽ മീൻ വില്പന നടത്തുന്ന വിക്ടോറിയ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് കാട്ടുപൂച്ചയെ അവശനിലയിൽ കാണുന്നത്. തട്ടിന്റെ അടിയിൽ നിന്ന് പൂച്ചയെ പുറത്തേക്ക് മാറ്റുന്നതിന് വേണ്ടി ശ്രമിച്ചപ്പോൾ പൂച്ചയുടെ ചീറ്റലും അലർച്ചയും കണ്ടാണ് ഇത് സാധാരണപൂച്ചയല്ലെന്ന് സംശയം ഉണ്ടായത്.അവശയായ കാട്ടുപൂച്ചയ്ക്ക് വെളളം നൽകിയശേഷം നാട്ടുകാരുടെ സഹായത്തോടെ കോടനാട് സ്പെഷ്യൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

ആളുകളെ കണ്ട പൂച്ച റോഡിലേക്ക് ഇറങ്ങി. നടക്കാൻ കഴിയാതെ കാലുകൾ ഉറക്കാതെ അവശനിലയിലായിരുന്നതിനാൽ നാട്ടുകാർ വീണ്ടും തട്ടിൽ തന്നെ കയറ്റി. ഒരു മണിയോടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി. പ്രദീപ്,ഡ്രൈവർ ടി.വി. സോമൻ,വാച്ചർമാരായ ബെന്നി ദേവസി, കെ.എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സംഘം എത്തി പൂച്ചയെ പിടിച്ച് കൂട്ടിലാക്കി. പരിക്കേറ്റ കാട്ടുപൂച്ചയ്ക്ക് പ്രാഥമിക ചികിത്സ കോടനാട് റസ്ക്യൂ ഹോമിൽ നൽകി മലയാറ്റൂർ വനപ്രദേശത്ത് തുറന്നുവിടുമെന്ന് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

Advertisement
Advertisement