അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാദ്ധ്യത നഷ്ടമാകാൻ സാഹചര്യമുണ്ട്, ഐ ഒ എയെ പിരിച്ചുവിട്ട് താത്കാലിക സമിതിയെ നിയോഗിച്ച ഡൽഹി ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ

Thursday 18 August 2022 8:18 PM IST

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ പിരിച്ചുവിട്ട് താത്കാലിക സമിതിയെ നിയോഗിച്ച ഡൽഹി ഹൈക്കോടതിയുടെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് അനിൽ. ആർ.ദാവെ അദ്ധ്യക്ഷനായ താത്ക്കാലിക സമിതി ഐ.ഒ.എ ഭരണം ഏറ്റെടുക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഒളിമ്പിക് അസോസിയേഷൻ ഭരണത്തിൽ തൽസ്ഥിതി തുടരാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ഹർജികളിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഡൽഹി ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ജസ്റ്റിസ് അനിൽ ആർ ദാവെ, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്. വൈ ഖുറേഷി, വിദേശകാര്യ വകുപ്പ് മുൻ സെക്രട്ടറി വികാസ് സ്വരൂപ് എന്നിവരടങ്ങിയ താത്ക്കാലിക ഭരണ സമിതി രൂപവത്ക്കരിച്ചത്. താത്ക്കാലിക ഭരണ സമിതിയെ സഹായിക്കാൻ കായിക താരങ്ങളായ അഞ്ജു ബോബി ജോർജ്ജ്, അഭിനവ് ബിന്ദ്ര , ബോംബെയ്ല ദേവി എന്നിവരടങ്ങിയ മറ്റൊരു സമിതിക്കും ഡൽഹി ഹൈക്കോടതി രൂപം നൽകിയിരുന്നു. കേന്ദ്ര സർക്കാരും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. താത്ക്കാലിക ഭരണ സമിതിയെ ബാഹ്യ ഇടപെടലായാണ് അന്താരാഷ്ട്ര ഒളിമ്പിക്സ് അസോസിയേഷൻ കാണുന്നതെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. താത്ക്കാലിക സമിതി ഏറ്റെടുത്താൽ ഏതെങ്കിലും ഒളിമ്പിക് ഇവന്റുകളിൽ നിന്ന് സസ്പെന്റ് ചെയ്യാൻ 90 ശതമാനം സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാദ്ധ്യത നഷ്ടമാകാനുള്ള സാഹചര്യമുണ്ടെന്നും അതിനാൽ തൽസ്ഥിതി തുടരാനുള്ള ഉത്തരവിടുകയാണെന്നും കോടതി വ്യക്തമാക്കി.

Advertisement
Advertisement