പ്രധാന അദ്ധ്യാപകർ സമരത്തിലേക്ക്: ഉച്ചക്കഞ്ഞി പ്രശ്‌നം ഒരുഭാഗത്ത്, ഇടിത്തീയായി പാഠപുസ്തക പൈസയും

Friday 19 August 2022 12:18 AM IST
strike

കോഴിക്കോട്: കുട്ടികൾക്ക് ഉച്ചക്കഞ്ഞി കൊടുക്കാൻ പണമില്ലാതെ പ്രധാന അദ്ധ്യാപകർ നെട്ടോട്ടമോടുമ്പോൾ പാഠപുസ്തകത്തിന്റെ പണത്തിന്റെ പേരിലും പീഡനം. സ്‌കൂളുകളിൽ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ പണമടയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പയച്ച സർക്കുലറാണ് കേരളത്തിലെ ഹൈസ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകരെ വെട്ടിലാക്കുന്നത്. 2010 മുതൽ 2019 വരെയുള്ള കാലയളവിൽ സ്‌കൂളുകളിൽ കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ വിലയാണ് 18 ശതമാനം പലിശയും ചേർത്ത് അടക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. പുസ്തകങ്ങൾ മാറുകയും ആവശ്യക്കാരില്ലാതെ ബാക്കിയാവുകയും ചെയ്തവയ്ക്ക് എങ്ങിനെയാണ് പലിശയടക്കം പണം നൽകേണ്ടതെന്നാണ് പ്രധാന അദ്ധ്യാപകരുടെ ചോദ്യം. ഉത്തരവ് പിൻവലിക്കണമെന്നും ഉച്ചഭക്ഷണത്തിന് ആവശ്യമായ ഫണ്ട് നൽകണമെന്നും ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് സെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.എച്ച്.എ) സംസ്ഥാനവ്യാപകമായി സമരത്തിനൊരുങ്ങുകയാണ്.

2010 മുതൽ-19 വരെയുള്ള കാലഘട്ടത്തിൽ ഒമ്പത്, പത്ത് ക്ലാസുകൾക്കായി വിതരണം ചെയ്ത പുസ്തകങ്ങളാണിപ്പോൾ പ്രധാന അദ്ധ്യാപകർക്ക് പൊല്ലാപ്പായിരിക്കുന്നത്. ഈ കാലയളവിൽ രണ്ടുതവണ പുസ്തകം മാറിയിട്ടുണ്ട്. സാധാരണ ഒരുവർഷം ബാക്കി വരുന്ന പുസ്തകങ്ങൾ അടുത്തവർഷവും വിതരണം ചെയ്യും. എന്നാൽ പുസ്തകങ്ങൾ മാറിയതോടെ ആയിരക്കണക്കിന് പുസ്തകങ്ങൾ ബാക്കിയായി. മാത്രമല്ല പലപ്പോഴും പുസ്തകം എത്താറ് അദ്ധ്യയന വർഷം ആരംഭിച്ച ശേഷമാണ്. അപ്പഴേക്കും പല കുട്ടികളും പഴയ പുസ്തകങ്ങൾ സംഘടിപ്പിച്ചിരിക്കും. അപ്പോൾ സ്‌കൂളിൽ എത്തുന്ന പുസ്തകങ്ങൾക്ക് പലപ്പോഴും ആവശ്യക്കാരുണ്ടാവില്ല. അങ്ങനെ ബാക്കിയാവുന്ന പുസ്തകങ്ങൾ അതാത് സമയങ്ങളിൽ തിരിച്ചെടുക്കാറാണ് പതിവ്. ഇപ്പോൾ കുറേക്കാലമായി തിരിച്ചെടുക്കൽ നടക്കുന്നില്ല. അതെല്ലാം സ്‌കൂളിൽ കെട്ടിക്കിടക്കുകയാണ്. അതിനാണിപ്പോൾ പുസ്തകത്തിന്റെ വിലയും 18 ശതമാനം പലിശയുമടക്കം നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നു തീരും, ഉച്ചക്കഞ്ഞി ദുരിതം?


കോഴിക്കോട്: സർക്കാർ കൊടുക്കുന്ന തുച്ഛമായ തുകയ്ക്ക് ഉച്ചക്കഞ്ഞി വിതരണം സാദ്ധ്യമാക്കാൻ കഴിയാത്തിൽ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനദ്ധ്യാപകർ നെട്ടോട്ടമോടാൻ തുടങ്ങിയിട്ട് കാലമേറെയായി. 2016ൽ അനുവദിച്ച എട്ടുപരൂപയാണ് ഒരുകുട്ടിക്ക് ഇപ്പോഴും നൽകുന്നത്. അതുതന്നെ 150 കുട്ടികൾ ഉള്ളിടത്ത് എട്ടുരൂപ. 500 വരെ കുട്ടികളുള്ളിടത്ത് എഴുരൂപ. അതിന് മുകളിലാണെങ്കിൽ ആറുരൂപ. എങ്ങിനെയാണ് ഈ തുക വെച്ച് സർക്കാർ പറയുന്നതുപോലെ പാലും മുട്ടയും പച്ചക്കറിയുമൊക്കെ നൽകുകയെന്ന അധ്യാപകരുടെ ചോദ്യത്തിന് ഇതുവരെയും മറുപടിയില്ല. 2016ൽ ഒരുകുട്ടിക്ക് നൽകേണ്ട 300മില്ലി ലിറ്റർ പാലിന്റെ വില 39 രൂപയായിരുന്നു. 2022ൽ അത് 52രൂപയാണ്. ആഴ്ചയിൽ രണ്ടുദിവസം പാൽ നൽകണം. മുട്ടയ്ക്ക് 2016ൽ 3.15 വില. ഇപ്പോൾ അഞ്ചുരൂപയ്ക്ക് മുകളിൽ. രണ്ടുദിവസം മുട്ട നൽകണം. ഗ്യാസിന് അന്ന് 420 വില. ഇന്ന് 1110. പിന്നെ പച്ചക്കറി, പലവ്യഞ്ജനങ്ങൾ. ഇതൊന്നും അറിയാത്തവരല്ല അധികൃതർ. പക്ഷെ ആരും ചെവികൊടുക്കുകയോ പരിഹാരമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് പ്രധാനദ്ധ്യപകർ പറയുന്നു. ഇനി സമരമല്ലാതെ മറ്റ് വഴിയില്ല. അതിനിടയിലാണ് റിട്ടയറായാവരുടെ പെൻഷനിൽ നിന്ന് ഫണ്ട് പിടിക്കുമെന്നുവരെ ഭീഷണിമുഴക്കുന്നത്. ഒപ്പം പാഠപുസ്തക പ്രശ്‌നവും. എല്ലാം പ്രധാനദ്ധ്യാപകരുടെ ചുമലിലിട്ട് തടിയൂരാനാണ് വിദ്യാഭ്യാസവകുപ്പും സർക്കാരും ഉദ്ദേശിക്കുന്നതെങ്കിൽ ഇങ്ങിനെ ഈ ജോലിയുമായി മുന്നോട്ടുപോകുമെന്നാണ് ഇവരുടെ ചോദ്യം.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ

ഓഫീസിന് മുമ്പിൽ നാളെ ധർണ

കോഴിക്കോട്: സമരപരിപാടികളുടെ ആദ്യഘട്ടമെന്ന നിലയിൽ നാളെ രാവിലെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനുമുമ്പിൽ ധർണ നടത്തുമെന്ന് കെ.പി.എസ്.എച്ച്.എ ഭാരവാഹികൾ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒന്നുകിൽ പുസ്തകങ്ങൾ സർക്കാർ തിരിച്ചെടുക്കണം. അല്ലെങ്കിൽ പുസ്തകം പേപ്പർവിലയിക്ക് വിറ്റ് അതിന്റെ പൈസ സ്വീകരിക്കണം. അല്ലാതെ പ്രധാനദ്ധ്യാപകരോട് അവരുടെ ശമ്പളത്തിൽ നിന്നോ പെൻഷനിൽനിന്നോ പണം അടയ്ക്കണമെന്നാവശ്യപ്പെടുന്നത് മനുഷ്യാവകാശ ലംഘനമാണ്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. അതിനുശേഷം തിരുവോണ നാളിൽ സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാർച്ചും ധർണയും നടത്തുമെന്നും നേതാക്കൾ പറഞ്ഞു. കെ.പി.എസ്.എച്ച്.എ ജില്ലാ പ്രസിഡന്റ് അബ്ദുൾ ഗഫൂർ, സി.സി.ഹസ്സൻ, വി.കെ.ഫൈസൽ, കെ.സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement