ഗവർണറുടെ നടപടി ചട്ടലംഘനം,​ നിയമന നടപടി സ്റ്റേ ചെയ്യും മുമ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയില്ലെന്ന് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്

Thursday 18 August 2022 8:56 PM IST

കണ്ണൂർ: പ്രിയാ വർഗീസിന്റെ നിയമന നടപടി സ്റ്റേ ചെയ്ത ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്. ഗവർണറുടെ നടപടി ചട്ടലംഘനമെന്ന് സിൻഡിക്കേറ്റ് വ്യക്തമാക്കി. സ്റ്റേ ചെയ്യും മുൻപ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടില്ല. ഗവർണറുടെ നടപടി സർവകലാശാലയുടെ സ്വയംഭരണത്തിന് എതിരാണെന്നും സിൻഡിക്കേറ്റ്. പറയുന്നു.

പ്രിയാ വർഗീസിനെ മലയാളം അസോസിയേ​റ്റ് പ്രൊഫസറായി നിയമനം നൽകാനുള്ള നടപടികൾ സ്റ്റേ ചെയ്ത ഗവർണറുടെ ഉത്തരവ് നിലനിൽക്കില്ലെന്ന് കണ്ണൂർ സർവകലാശാല വിസിക്ക് നിയമോപദേശം ലഭിച്ചിരുന്ന. വിസിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകാതെയാണ് ഗവർണർ ഉത്തരവു പുറപ്പെടുവിച്ചത്. ഇതു നിയമവിധേയമല്ലെന്നാണു നിയമോപദേശം. ഗവർണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് തീരുമാനിച്ചിരുന്നു. ഗവർണർക്കു വഴങ്ങേണ്ടതില്ലെന്നു അടിയന്തര സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനമായി. സ്റ്റേ ഉത്തരവിനെതിരെ വെള്ളിയാഴ്ച സർവകലാശല ഹൈക്കോടതിയെ സമീപിക്കും.

സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി നൽകിയ പരാതിയിലായിരുന്നു ഗവർണറുടെ നടപടി. രണ്ട് ക്രമക്കേടുകളാണ് ഗവർണറുടെ ശ്രദ്ധയിൽപ്പെട്ടത്. യു.ജി.സി ചട്ടപ്രകാരം നിയമനത്തിന്എട്ടു വർഷത്തെ അദ്ധ്യാപന പരിചയം വേണം. കേരളവർമ്മ കോളേജിൽ മൂന്നു വർഷത്തെ സർവീസുള്ള പ്രിയാവർഗീസ് കണ്ണൂർ യൂണിവേഴ്സി​റ്റിയിൽ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായി ജോലി ചെയ്ത രണ്ടു വർഷവും ഗവേഷണത്തിന് ചെലവിട്ട മൂന്നു വർഷവും ചേർത്ത് എട്ടുവർഷത്തെ കണക്ക് ഒപ്പിച്ചു. യു.ജി.സി വ്യവസ്ഥ പ്രകാരം ഇത് സ്വീകാര്യമല്ല. മറ്റ് ഉദ്യോഗാർത്ഥികളുടെ ഗവേഷണ മികവും പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും പരിഗണിക്കാതെ അഭിമുഖത്തിന് മാർക്ക് കൂട്ടിയിട്ടാണ് ഒന്നാം റാങ്ക് നൽകിയതെന്ന ഔദ്യോഗികരേഖ ഗവർണർക്ക് കിട്ടി. വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അദ്ധ്യക്ഷനായ സമിതിയാണ് അഭിമുഖം നടത്തിയത്. നിയമനം ലഭിച്ചാൽ ഒന്നരലക്ഷം രൂപയാണ് ശമ്പളം. ഡെപ്യൂട്ടേഷനിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസി. ഡയറക്ടറാണ് പ്രിയ ഇപ്പോൾ.