തിമിരമുള്ളവരുടെ ഫയൽ തീർപ്പാക്കൽ

Friday 19 August 2022 12:00 AM IST

സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയൽ കൂമ്പാരങ്ങളിൽ നിന്ന് പഴക്കംചെന്ന ഫയലുകളെ കുറവു ചെയ്യുന്നതായി ആക്ഷേപമുണ്ട്. അലക്ഷ്യമായി ഫയൽ കൈകാര്യം ചെയ്യുന്നവർ, പഴക്കം ചെന്നതാണെങ്കിലും ആ ഫയലുകളിലും വേദനിക്കുന്ന ജീവിതങ്ങളുണ്ടെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ഫയൽനോട്ടത്തിൽ നീതിയും മനുഷ്യത്വവും പ്രതിഫലിക്കാത്ത, കണ്ണിൽ അധികാരത്തിന്റെ തിമിരം ബാധിച്ചവർ ഫയൽ തീർപ്പാക്കാനിറങ്ങിയാൽ ആർക്കും നീതിലഭിക്കില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ സ്ഥിതിയും വ്യത്യസ്തമല്ല.

പൊലീസെന്നു കേട്ടാൽ 'അലർജി' യുള്ള ചില ഉദ്യോഗസ്ഥർ പൊലീസിൽനിന്നും വിരമിച്ച വൃദ്ധരോടും അതൃപ്തി പ്രകടിപ്പിക്കുന്ന രീതിയിലാണ് ആനുകൂല്യങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നത്. ഒരു പതിറ്റാണ്ടായി, വിരമിച്ച പൊലീസുകാർക്കു ലഭിക്കേണ്ട അവകാശപ്പെട്ട ആനുകൂല്യങ്ങളിൽ തീരുമാനമെടുക്കാതെ ചുവപ്പുനാടയിൽ കുരുക്കിയിട്ടിരിക്കുന്നു. ഫയലുകളെ ശ്വാസംമുട്ടിക്കുന്ന ഉദ്യോഗസ്ഥർ കോടതി വിധികളെപ്പോലും അവഗണിക്കുകയാണ്.

ചില ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം മൂലം എത്രയോ പാവപ്പെട്ടവർക്കാണ് അർഹമായ നീതി ഹനിക്കപ്പെടുന്നതെന്നു അധികാരം കയ്യാളുന്നവർ ഇനിയെങ്കിലുംചിന്തിക്കണം. പച്ചയായ അനുഭവങ്ങൾ കൺമുന്നിലുള്ളപ്പോൾ ഫയൽ തീർപ്പാക്കൽ പദ്ധതി, പ്രഹസനമായി മാത്രമേ അവസാനിക്കുകയുള്ളൂ എന്ന് ജനത്തിനറിയാം. അർഹതയുള്ളവർക്കു നീതിനിഷേധിക്കുന്ന ഇത്തരം അനീതി അധികൃതർ അടിയന്തരമായി നിരീക്ഷിക്കണം.


ഊരുട്ടമ്പലം എം. പ്രഭാകരൻ
മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്
കേരള പോലീസ് പെൻഷനേഴ്സ്

വെൽഫെയർ അസോസിയേഷൻ
തിരുവനന്തപുരം
ഫോൺ - 9400499918

Advertisement
Advertisement