രണ്ട് പേരുടെ സാമ്പിൾകൂടി നെഗറ്റീവ്, നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടങ്ങി: ആശങ്കയൊഴിഞ്ഞെന്ന് ആരോഗ്യമന്ത്രി
കൊച്ചി: നിപ ബാധിച്ച രോഗിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന രണ്ട് പേരുടെ സാമ്പിൾകൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി കെ.കെ ശെെലജ പറഞ്ഞു. പരിശോധനയ്ക്കയച്ച് ഒരാളുടെ ഫലം ഇന്ന് ലഭിക്കുമെന്നും അതിജീവിക്കാനായതിൽ ആശ്വാസമുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം വിദഗ്ധർ തുടങ്ങിയതായും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ നിപ വൈറസ് ബാധയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ള നിപ രോഗിയുമായി ബന്ധപ്പെട്ട രണ്ട് പേരുടെ സാംപിൾ നെഗറ്റീവ് ആണ്, ഇതോടെ രോഗിയുടെ അതീവ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ സാംപിളുകളും നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
അതേസമയം, ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ രക്തവും സ്രവങ്ങളും വീണ്ടും പരിശോധിക്കും. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജീകരിച്ച പ്രത്യേക ലാബിൽ പൂണെയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുക. ഉച്ചയോടെ ഫലം ലഭിക്കുമെന്നാണ് വിവരം. നിപ വൈറസ് സാന്നിധ്യം പൂർണമായി മാറിയോ എന്ന് അറിയുന്നതിനായാണ് പരിശോധന നടത്തുന്നത്.
വിദ്യാത്ഥിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.