വിഴിഞ്ഞം തുറമുഖ നിർമ്മാണം, സമരക്കാരെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ ,​ പങ്കെടുക്കുമെന്ന് ലത്തീൻ അതിരൂപത

Thursday 18 August 2022 10:26 PM IST

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ. ഫിഷറീസിന്റെ ചുമതലയുള്ള മന്ത്രി വി. അബ്‌ദു റഹ്മാൻ സമരസമിതി നേതാവും വികാരി ജനറലുമായ യൂജിൻ പെരേരയുമായി ഫോണിൽ സംസാരിച്ചു. നാളെ ചർച്ച നടത്താനാണ് തീരുമാനം. ചർച്ചയ്ക്കുള്ള സമയവും സ്ഥലവും മന്ത്രി ആന്റണിരാജു സമരക്കാരുമായി കൂടിയാലോചിച്ച് തീരുമാനിക്കും. ചർച്ചയ്ക്ക് തയ്യാറാണെന്ന് ലത്തീൻ അതിരൂപത അറിയിച്ചിട്ടുണ്ട്.

ഇത് കേരളത്തിൽ തീരേണ്ട പ്രശ്‌നമാണ്. ഏത് സമയത്തും ഫിഷറീസ് വകുപ്പ് ചർച്ചക്ക് തയ്യാറുമാണ്. എപ്പോൾ സമരക്കാർ എത്തുന്നോ അപ്പോൾ ചർച്ച നടക്കും. സമരത്തെ കണ്ടില്ല എന്ന രീതിയില്ല. കാര്യം മനസിലാക്കി സമരക്കാർ പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും അബ്ദുറഹിമാൻ പറഞ്ഞു.

ശരിയായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല വിഴിഞ്ഞം പദ്ധതി മുന്നോട്ടു പോകുന്നതെന്നും തീരശോഷണത്തിന് കാരണം അദാനിയുടെ വിഴിഞ്ഞം തുറമുഖ നിർമ്മാണമാണെന്നുമാണ് തീരദേശവാസികളുടെ ആരോപണം. തുറമുഖ നിർമ്മാണം ജനജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും സമരക്കാർ പറയുന്നു. അതേസമയം വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചർച്ച നടത്തണമെന്ന് ശശി തരൂർ എം. പി ആവശ്യപ്പെട്ടു.

Advertisement
Advertisement