നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം, കണ്ണനെ കണ്ടു, കൺകുളിർക്കെ

Friday 19 August 2022 12:11 AM IST

പത്തനംതിട്ട : മഞ്ഞപ്പട്ടുടയാടയണിഞ്ഞ് പീലിത്തിരുമുടികെട്ടി വെണ്ണ കട്ടുണ്ടും ഒാടക്കുഴലൂതിയും ഉണ്ണിക്കണ്ണൻമാരും, ആനന്ദ നൃത്തമാടി ഗോപികമാരും ഗ്രാമനഗര വീഥികളെ ആമ്പാടിയാക്കി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രയിൽ അമ്മമാരടക്കം ആയിരങ്ങൾ പങ്കെടുത്തു. ശ്രീകൃഷ്ണചരിതം ദൃശ്യങ്ങളാക്കിയ രഥങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയെ വർണാഭമാക്കി. ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ജില്ലയിൽ 110 മഹാശോഭായാത്രകളും 554 ഉപശോഭായാത്രകളും നടന്നു. കൊവിഡ് ലോക്ക് ഡൗണിനു ശേഷം വിപുലമായി നടന്ന ശോഭായാത്രകളിലും കലാപരിപാട‌ികളിലും വൻ ഭക്തജന പങ്കാളിത്തമുണ്ടായി. ക്ഷേത്രങ്ങളിൽ ഗോപൂജകളും വിശേഷാൽ പൂജകളും നടന്നു.

പത്തനംതിട്ട നഗരത്തിൽ ജില്ലാ സ്റ്റേഡിയത്തിൽ സംഗമിച്ച ഉപശോഭായാത്രകൾ മഹാശോഭായാത്രയായി സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ വഴി നഗരത്തിലെ ധർമ്മ ശാസ്താക്ഷേത്രത്തിൽ സമാപിച്ചു. ഉറിയടിയും കലാവിരുന്നുകളും അവിൽപ്പൊതി വിതരണവും നട‌ന്നു.

Advertisement
Advertisement