സംസ്ഥാന ഇന്റർ ഡിസ്ട്രിക്റ്റ് ക്ലബ്ബ് അത്ലറ്റിക്സ് : വിജയ കുതിപ്പിൽ എം.എ അക്കാഡമി

Thursday 18 August 2022 11:57 PM IST

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ഇന്റർ‌ ഡിസ്ട്രിക്റ്റ് ക്ലബ്ബ് അത്ലറ്റിക്സ് മീറ്റിന്റെ മൂന്നാം ദിനത്തിലും 371 പോയിന്റുമായി കോതമംഗലം എം.എ സ്പോർട്സ് അക്കാഡമി വിജയത്തിലേക്ക് കുതിക്കുന്നു. 162 പോയിന്റുമായി മലബാർ സ്പോർട്സ് അക്കാഡമി പുല്ലൂരുംപാറ രണ്ടാം സ്ഥാനത്തും 145 പോയിന്റുമായി കോട്ടയം അൽഫോൻസ അത്ലറ്റിക്സ് അക്കാഡമി മൂന്നാം സ്ഥാനത്തുമാണുള്ളത്. എം.എ സ്പോർട്സ് അക്കാഡമി 27 സ്വർണവും 17 വെള്ളിയും 11 വെങ്കലവുമാണ് ഇതുവരെ നേടിയത്. മലബാർ സ്പോർട്സ് അക്കാഡമി 8 സ്വർണവും 7 വെള്ളിയും 9 വെങ്കലവും നേടി. 3 സ്വർണവും 6 വെള്ളിയും 6 വെങ്കലവുമാണ് അൽഫോൻസ അക്കാഡമിയുടെ നേട്ടം. മൂന്നാം ദിനമായ ഇന്നലെ അഞ്ച് പുതിയ മീറ്റ് റെക്കാഡുകൾ പിറന്നു. ഇതോടെ മീറ്റിൽ ഇതുവരെ 24 പുതിയ മീറ്റ് റെക്കാഡുകൾ കുറിച്ചു. ഇന്ന് വൈകീട്ടോടെ മീറ്റ് അവസാനിക്കും.

അഞ്ച് മീറ്റ് റെക്കാഡുകൾ

അണ്ടർ 14 പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കെ.സി ത്രോസിന്റെ പർവാന ജിതേഷ് 11.93 മീറ്റർ ദൂരമെറിഞ്ഞ് പുതിയ റെക്കാഡ് നേടി. 2019ൽ കോഴിക്കോട് പല്ലൂത്തിൽ പബ്ലിക് സ്കൂളിന്റെ ഡോണ മരിയ ഡോണി നേടിയ 10.34 മീറ്ററിന്റെ റെക്കാഡ് തകർത്താണ് പർവാനയുടെ നേട്ടം. 200 മീറ്ററിൽ തിരുവനന്തപുരം മമൂദ് ബ്രദേഴ്സ് ക്ലബിന്റെ എ.പി ഷീൽഡ 24.84 സെക്കന്റിൽ ഒാടിയെത്തിയാണ് പുതിയ റെക്കാഡ് നേടിയത്. 2008ൽ സായി ട്രെയിനിംഗ് സെന്ററിലെ ബി.ബിന്ദുവിന്റെ 24.99 സെക്കന്റ് മറികടന്നാണ് ഷീൽഡ റെക്കാഡ് കുറിച്ചത്. 100 മീറ്ററിലും ഷീൽഡ റെക്കാഡ് നേടിയിരുന്നു. പുരുഷ വിഭാഗം 5000 മീറ്ററിൽ എം.എ സ്പോർട്സ് അക്കാഡമിയുടെ ഷെറിൻ ജോസ് 15 മിനിറ്റ് 09.09സെ ഒാടിയെത്തി റെക്കാഡ് നേടി. 2011ൽ മുഹമ്മദ് അലി നേടിയ റെക്കാഡാണ് ഷെറിൻ ജോസ് തിരുത്തിയത്. പുരുഷ ട്രിപ്പിൾ ജമ്പിൽ മലപ്പുറം ഐഡിയൽ ഇംഗ്ലീഷ് സ്കൂളിന്റെ എ.ബി അരുൺ 16.09 മീറ്റർ ചാടിയാണ് റെക്കാഡ് കരസ്ഥമാക്കിയത്. പുരുഷ ഡിസ്കസ് ത്രോയിൽ കാസർഗോഡ് കെ.സി ത്രോസിന്റെ കെ.സി സിദ്ധാർത്ഥ് 48.21 മീറ്റർ‌ എറിഞ്ഞാണ് റെക്കാഡ് നേടിയത്.

Advertisement
Advertisement